കൊല്ലം: കൊല്ലം ആസ്ഥാനമായി പ്രവർത്തനം ആരംഭിക്കുന്ന കലാ-സാംസ്കാരിക സംഘടനയായ വേദികയുടെ ഉദ്ഘാടനം സെപ്‌തംബർ 3ന് രാവിലെ 11ന് പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വേദികയുടെ രക്ഷാധികാരികളായ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, സൂര്യ കൃഷ്ണമൂർത്തി, സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ, നടനും സംവിധായകനുമായ മധുപാൽ, കവി ചവറ കെ.എസ്. പിള്ള, വേദിക ചെയർമാൻ മുല്ലക്കര രത്നാകരൻ, വൈസ് ചെയർമാൻ പ്രതാപ് ആർ. നായർ എന്നിവർ ചേർന്നു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിക്കും.
തുടർന്ന് ഒക്ടോബർ മുതൽ തിരുവനന്തപുരം സൂര്യയുമായി സഹകരിച്ച് എല്ലാ മാസവും വൈവിദ്ധ്യമാർന്ന കലാ- സാംസ്‌കാരിക പരിപാടികൾ കൊല്ലത്ത് സംഘടിപ്പിക്കും. നൃത്തം, നാടകം, സംഗീതം, കഥാപ്രസംഗം, പ്രഭാഷണം തുടങ്ങിയവ വേദികയുടെ പ്രതിമാസ പരിപാടികളായി ഉണ്ടാകും. അംഗങ്ങൾക്കു മാത്രമാകും വേദികയുടെ പരിപാടികളിൽ പ്രവേശനം. അംഗത്വമെടുക്കാൻ ബന്ധപ്പെടേണ്ട നമ്പർ: 98460 17711, 94470 72977. വാർത്താസമ്മേളനത്തിൽ ചെയർമാൻ മുല്ലക്കര രത്നാകരൻ, വൈസ് ചെയർമാൻ പ്രതാപ് ആർ.നായർ, പ്രസിഡന്റ് ആശ്രാമം ഭാസി, സെക്രട്ടറി എം.എം. അൻസാരി എന്നിവർ പങ്കെടുത്തു.