കൊല്ലം: കുരീപ്പുഴയിലെ മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മാണം അന്തിമഘട്ടത്തിലെത്തിയെങ്കിലും മാലിന്യ സംസ്കരണം ആരംഭിക്കാൻ മാസങ്ങളെടുക്കും. പ്ലാന്റിലേക്ക് മാലിന്യം എത്തിക്കാനുള്ള പൈപ്പ്ലൈൻ ശൃംഖല സ്ഥാപിക്കൽ, സാങ്കതിക വിഷയങ്ങളെത്തുടർന്ന് കരാറുകാരൻ ഉപേക്ഷിച്ച മട്ടാണ്. ജനുവരിയിൽ കരാറായ പള്ളിത്തോട്ടം-താമരക്കുളം മേഖലയിലെ പൈപ്പ്ലൈൻ സ്ഥാപിക്കലാണ് ത്രിശങ്കുവിലായത്.
നഗരത്തിലെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മാലിന്യം പൈപ്പ് ലൈൻ വഴി പ്ലാന്റിലെത്തിച്ച് സംസ്കരിക്കാനാണ് പതിറ്റാണ്ടുകൾ മുൻപേ പദ്ധതി തയ്യാറാക്കിയത്. നാല് സോണുകളായി തിരിച്ച് 1980, 2013 കാലഘട്ടങ്ങളിൽ ഭാഗമായി പലേടങ്ങളിലും പൈപ്പ്ലൈൻ സ്ഥാപിച്ചു. സമീപകാലത്ത് നാല് സോണുകളിലെയും ശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കാൻ 138 കോടിയുടെ പദ്ധതി തയ്യാറാക്കി. ഇതിൽ കരാറായ പള്ളിത്തോട്ടം - താമരക്കുളം സോണിലെ പ്രവൃത്തി മാസങ്ങൾ മുൻപ് നടന്ന സർവ്വേയ്ക്ക് ശേഷം സ്തംഭിച്ച അവസ്ഥയിലാണ്.
12 എം.എൽ.ഡി ശേഷിയുള്ള പ്ലാന്റാണ് കുരീപ്പുഴയിൽ നിർമ്മിച്ചിരിക്കുന്നത്. പ്ലാന്റ് സ്ഥിരമായി പ്രവർത്തിക്കണമെങ്കിൽ മൂന്ന് എം.എൽ.ഡി മാലിന്യമെങ്കിലും പ്രതിദിനം എത്തണം. ഇത്രയും മാലിന്യം ലോറിമാർഗ്ഗം എത്തിക്കാനാകില്ല. മാലിന്യമില്ലാതെ ഇടയ്ക്ക് പ്രവർത്തനം നിലച്ചാൽ കക്കൂസ് മാലിന്യം വിഘടിപ്പിക്കുന്ന ബാക്ടീരികളെ വീണ്ടും വളർത്തിയെടുക്കാൻ ഒരുമാസത്തിലേറെ വേണ്ടിവരും.
..........................................
സ്വീവേജ് പൈപ്പ്ലൈൻ ശ്യംഖല- 138 കോടി
...........................................
നാല് സോണുകൾ
1. താമരക്കുളം- പള്ളിത്തോട്ടം: കരാറായി, പൈപ്പിടൽ സ്തംഭനത്തിൽ
2. അയൺ ബ്രിഡ്ജ്: ഉടൻ സാങ്കേതികാനുമതി
3. കരുമാലിൽ -വാടി: ഉടൻ സാങ്കേതികാനുമതി
4. ആശ്രാമം: ഉടൻ സാങ്കേതികാനുമതി
പരിഹാരത്തിന് ഫീക്കൽ സ്ലഡ് പ്ലാന്റ്
കുരീപ്പുഴയിൽ 1.5 കോടി ചെലവിൽ 50,000 ലിറ്റർ ശേഷിയുള്ള ഫീക്കൽ സ്ലഡ്ജ് പ്ലാന്റ് സ്ഥാപിച്ച് ലോറികളിൽ കക്കൂസ് മാലിന്യം എത്തിക്കാനാണ് പുതിയ ആലോചന. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാന്റ് സ്ഥാപിക്കാനുള്ള ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്. ഫീക്കൽ സ്ലഡ്ജ് പ്ലാന്റിൽ സംസ്കരിച്ച ശേഷം സ്ലറിയിൽ നിന്നു ജലാംശം നീക്കി ഖര രൂപത്തിലാക്കാൻ പ്ലാന്റിലെ യന്ത്ര സംവിധാനങ്ങൾ ഉപയോഗിക്കും. പ്ലാന്റ് പൂർത്തിയാകാൻ കുറഞ്ഞത് ആറ് മാസം വേണ്ടി വരും.