കരുനാഗപ്പള്ളി: ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി താലൂക്ക് ഓഫീസിന് കിഴക്ക് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡർ സ്റ്റോണുകൾ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ഇവിടെ രണ്ട് ഡിവൈഡറിനും മദ്ധ്യേ ഡിവൈഡർ സ്റ്റോണുകൾ ഉപയോഗിച്ച് റോഡ് അടച്ചിട്ട് ഒരു മാസം പിന്നിടുകയാണ്. ഇതിനിടയിൽ ഒരിക്കൽ പോലും ഇവിടെ ദേശീയപാതയുടെ പണി നടന്നിട്ടില്ല.
കരുനാഗപ്പള്ളി ടൗണിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വർഷങ്ങൾക്ക് മുമ്പ് ടൗണിൽ ഡിവൈഡർ നിർമ്മിച്ച് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്. അത് ഗതാഗത കുരുക്കിന് ശാശ്വത പരിഹാരവുമായിരുന്നു. കരുനാഗപ്പള്ളി ടൗണിൽ നിന്ന് ശാസ്താംകോട്ട ഭാഗത്തേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും ടൗണിലെ ഡിവൈഡർ പോസ്റ്റിൽ എത്തി യൂ ടേൺ എടുത്ത് കിഴക്ക് ഭാഗത്തേക്ക് പോകുകയായിരുന്നു പതിവ്. പടിഞ്ഞാറൻ ഭാഗത്തു നിന്നും കരുനാഗപ്പള്ളി ടൗണിൽ എത്തുന്ന വാഹനങ്ങൾ കായംകുളം ഭാഗത്തേക്ക് പോകണമെങ്കിൽ ഡിവൈഡറിന്റെ ഇടത് ഭാഗത്തുകൂടി കടന്ന് പോകാനുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നു. പൊലീസിന്റെയോ, ഹോം ഗാർഡുകളുടെയോ സഹായം ഇല്ലാതെ തന്നെ ടൗണിലെ ഗതാഗതം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു.
കുരുക്കായി ഗതാഗതം
ഇപ്പോൾ വാഹനങ്ങൾക്ക് കടന്ന് പോകുന്നതിനുള്ള ടൗണിലെ വഴി ഡിവൈഡർ സ്റ്റോണുകൾ ഉപയോഗിച്ച് അടച്ചതോടെ ഗതാഗതം വീണ്ടും കുരുക്കിലായി. ശാസ്താംകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കരുനാഗപ്പള്ളി പെട്രോൾ പമ്പിന്റെ സമീപം എത്തി യൂടേൺ എടുത്തു പോകണം. ടൗണിലെ സ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ വാഹനങ്ങൾ ഇവിടെയാണ് പാർക്ക് ചെയ്യുന്നത്. ആ കാരണത്താൽ തന്നെ വാഹനങ്ങൾ ഇവിടെ തിരിയുന്നതിന് സ്ഥലപരിമിതിയുണ്ട്. മിക്കപ്പോഴും വലിയ വാഹനങ്ങൾ ഒന്നിലധികം തവണം മുന്നോട്ടും പിന്നോട്ടും എടുത്തതിന് ശേഷമാണ് തിരിഞ്ഞ് പോകുന്നത്. ഇത് ദേശീയപാതയിൽ ഗതാഗതകുരുക്ക് ഉണ്ടാക്കുന്നു.
താത്കാലികമായി നീക്കം ചെയ്യണം
കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, ടൗൺ എൽ.പി സ്കൂൾ, യു.പി.ജി സ്കൂൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ദേശീയപാതക്ക് പടിഞ്ഞാറ് വശത്തുണ്ട്. നിരവധി പേരാണ് വാഹനങ്ങളിൽ ഇവിടെ എത്തുന്നത്. രാവിലേയും വൈകിട്ടുമാണ് ഗതാഗത കുരുക്ക്. ഇത് പരിഹരിക്കുന്നതിന് രണ്ട് ഡിവൈഡറുകൾക്ക് ഇടയിൽ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡർ സ്റ്റോണുകൾ താത്കാലികമായി നീക്കം ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.