കൊല്ലം: എം.മുകേഷ് എം.എൽ.എ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. എം.എൽ.എ ഓഫീസിന് സമീപം ബാരിക്കേഡ് വച്ചും വടം കെട്ടിയും പൊലീസ് പ്രവർത്തകരെ തടഞ്ഞു. പ്രവർത്തകർ പലതവണ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചു. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരിൽ ചിലർ ബാരിക്കേഡിന് ഇടയിലൂടെ കടന്ന് എം.എൽ.എ ഓഫീസിന്റെ ഗേറ്റിന് മുന്നിൽ റീത്ത് വച്ച് മുദ്രാവാക്യം വിളിച്ചു. വനിതാ പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ ഭാരവാഹികളായ കുമാരി രാജേന്ദ്രൻ, സിന്ധു കുമ്പളം, സുബി, ബിഷ, ഓമന, അസൂറ ബീവി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. പീഡന കേസിലെ പ്രതിയായ മുകേഷുമായി ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ചർച്ച നടത്തിയത് ഗുരുതര തെറ്റാണെന്ന് ജെബി മേത്തർ പറഞ്ഞു. ഒരു വശത്ത് കേസ് എടുക്കുകയും മറുവശത്ത് സത്കരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തുന്നത്. അൽപ്പമെങ്കിലും അന്തസുണ്ടെങ്കിൽ മുകേഷിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും അവർ പറഞ്ഞു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ, ജില്ലാ പ്രസിഡന്റ് അഡ്വ. ഫേബ എൽ.സുദർശൻ,സംസ്ഥാന വൈസ് പ്രസിഡന്റ് യു.വഹീദ, ജനറൽ സെക്രട്ടറിമാരായ ലാലി ജോൺ, ജയലക്ഷ്മി ദത്തൻ, ആർ. രശ്മി, സെക്രട്ടറിമാരായ ആർ.മരിയത് താജ്, പ്രഭ അനിൽ, സുനിത സലിംകുമാർ എന്നിവർ സംസാരിച്ചു. ഓമന, സുബി നുജ്ഉം,സിസിലി ജോബ്, ഷീജ രാധാകൃഷ്ണൻ, സരസ്വതി പ്രകാശ്, കുമാരി രാജേന്ദ്രൻ, സിന്ധു കുമ്പളം, ബേബി സലീന, മഞ്ജു, സരിത അജിത്, രേഖ ഉല്ലാസ്, ഷിനു, ലക്ഷ്മി ഹരിത,ശ്രീകല, ദേവിപ്രഭ, ബിഷ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.