സ്ഥലമേറ്റെടുക്കൽ പൂർത്തിയാവാൻ 2 വർഷം വേണം

കൊല്ലം: കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിലെ റെയി​ൽവേ മേൽപ്പാലം (ആർ.ഒ.ബി) നി​ർമ്മാണവുമായി​ ബന്ധപ്പെട്ട സാമൂഹ്യാഘാത പഠനം നടത്താൻ ഏജൻസിയെ നിശ്ചയിച്ചുകൊണ്ടുള്ള വിജ്ഞാപനം രണ്ട് ദിവസത്തിനകം ഇറങ്ങും. നടപടികൾ പൂർത്തിയാക്കി നഷ്ടപരിഹാരം വിതരണം ചെയ്ത് സ്ഥലമേറ്റെടുക്കാൻ കുറഞ്ഞത് രണ്ട് വർഷമെങ്കിലും വേണ്ടിവരും. അതി​നാൽ ടെണ്ടർ ചെയ്യുന്നതിന് മുന്നോടി​യായി​, വർഷങ്ങൾക്ക് മുൻപേ തയ്യാറാക്കിയ എസ്റ്റിമേറ്റ് പുതുക്കേണ്ടിയും വരും.

കളക്ടർ നിശ്ചയിക്കുന്ന എംപാനൽഡ് ഏജൻസി മൂന്ന് മാസത്തിനുള്ളിൽ സാമൂഹ്യാഘാത പഠന റിപ്പോർട്ട് വിദഗ്ദ്ധ സമിതിക്ക് നൽകണം. സമിതി റിപ്പോർട്ട് പരിശോധിച്ച് സർക്കാരിന് സമർപ്പിക്കും. സർക്കാർ തീരുമാനം അനുകൂലമായാൽ ഓരോ സർവ്വേ നമ്പരിൽ നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ അളവ്, നഷ്ടമാകുന്ന കെട്ടിടങ്ങൾ, വൃക്ഷങ്ങൾ എന്നിവ കണക്കാക്കുന്ന സബ് ഡിവിഷൻ നടപടികളിലേക്ക് പോകും. തുടർന്ന് ഭൂമിക്കും കെട്ടിടങ്ങൾക്കും വൃക്ഷങ്ങൾക്കും അടക്കം വില നിശ്ചയിക്കുന്നതിന് പുറമേ പുനരധിവാസ പാക്കേജും തയ്യാറാക്കി നഷ്ടപരിഹാര വിതരണത്തിലേക്ക് കടക്കും.

ആർ.ഒ.ബിക്കായി മുണ്ടയ്ക്കൽ, വടക്കേവിള വില്ലേജുകളിൽ നിന്നായി 97.13 ആർസ് ഭൂമിയാണ് (240.04 സെന്റ്) ഏറ്റെടുക്കേണ്ടി​ വരുന്നത്. നിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെയുടെയും റവന്യുവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭൂമിയുടെ അതിർത്തി തിരിച്ച് കല്ലിട്ടി​രുന്നു. ഇത് അടിസ്ഥാനമാക്കിയാണ് സാമൂഹ്യാഘാത പഠനം നടക്കുന്നത്.

പ്രധാന പഠനവിഷയങ്ങൾ

 പദ്ധതിയുടെ ആവശ്യകത

 അലൈൻമെന്റിൽ മാറ്റം ആവശ്യമുണ്ടോ
 ഭൂമി ഏറ്റെടുക്കൽ കൊണ്ടുണ്ടാകുന്ന നഷ്ടങ്ങൾ

 ദോഷങ്ങൾ മറികടക്കാനുള്ള വഴികൾ

പദ്ധതി ഇങ്ങനെ

 ചെലവ്: 44.46 കോടി

 എസ്റ്റിമേറ്റ് തയ്യാറാക്കിയത് 2018ൽ

 2019 മാർച്ചിൽ ജി.എ.ഡിക്ക് അംഗീകാരം

 ആർ.ഒ.ബിയുടെ നീളം: 554.38 മീറ്റർ

 വീതി 10.2 മീറ്റർ

കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷൻ ലെവൽക്രോസിലെ ആർ.ഒ.ബി നിർമ്മാണ പദ്ധതിയുടെ 4 (1) വിജ്ഞാപനത്തിനുള്ള നടപടികളായിട്ടുണ്ട്

ജില്ലാ സ്ഥലമേറ്റെടുപ്പ് വിഭാഗം