ഒരു വീട് തകർന്നു, റോഡുകളും വെള്ളത്തിൽ
കൊല്ലം: ജില്ലയിൽ ഇന്നലെയുണ്ടായ ശക്തമായ മഴയിൽ മിക്ക റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മഴയിലും കാറ്റിലും കൊല്ലം താലൂക്കിൽ കൊറ്റങ്കരയിൽ രമണിയുടെ വീട് ഭാഗികമായി തകർന്നു.
കിളികൊല്ലൂർ പൊലീസ് സ്റ്റേഷന് സമീപത്തെ റോഡിൽ വലിയ തോതിൽ വെള്ളക്കെട്ടുണ്ടായി. റോഡിന് വശത്തുള്ള 8 വീടുകളിൽ വെള്ളം കയറി. ദേശീയപാത നിർമ്മാണത്തിലെ അപാകതയാണ് വെള്ളക്കെട്ടിന് കാരണമായി നാട്ടുകാർ ആരോപിക്കുന്നത് . പൂവൻപുഴ, മേടയിൽ മുക്ക്, എ.ആർ ക്യാമ്പിന് മുന്നിലെ ബസ് സ്‌റ്റോപ്പ്, ജലഭവന് സമീപത്തെ ബസ് സ്‌റ്റോപ്പ്, കൂപ്പണ, ആശ്രാമം മൈതാനത്തിന് മുന്നിലെ ബസ് സ്‌റ്റോപ്പ്, കളക്ടറേറ്റിന് സമീപം തുടങ്ങി താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളക്കെട്ടിലായി.
ജില്ലയിൽ ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ആര്യങ്കാവിലാണ്, 75 മില്ലീമീറ്രർ. പുനലൂരിൽ 29.4 മില്ലീമീറ്രർ, കൊല്ലത്ത് 10 മില്ലീമീറ്രർ, തെന്മലയിൽ 40 മില്ലീമീറ്രർ, കൊട്ടാരക്കരയിൽ 45 മില്ലീമീറ്രർ, കരുവേലിൽ 24 മില്ലീമീറ്റർ, ചവറയിൽ 27 മില്ലീമീറ്രർ, പാരിപ്പള്ളിയിൽ 19.5 മില്ലീമീറ്രർ എന്നിങ്ങനെയാണ് മഴ ലഭിച്ചത്.
കലിയേറി കടൽ
കരുനാഗപ്പള്ളി ആലപ്പാട് ഭാഗത്ത് കടൽ ഇന്നലെ പ്രക്ഷുബ്ദ്ധമായിരുന്നു. പണിക്കർകടവ് പാലത്തിന് വടക്കുവശം, വെള്ളനാതുരുത്ത്, ചെറിയഴീക്കൽ സി.എഫ്.എ ഗ്രൗണ്ട്, ആലപ്പാട് സെൻട്രൽ, കുഴിത്തുറ എന്നിവിടങ്ങളിലാണ് തിര ശക്തമായത്. മത്സ്യബന്ധന യാനങ്ങളും ബോട്ടുകളും കടലിൽ ഇറക്കിയില്ല.
മൺസൂൺ അത്ര പോര
ഇടയ്ക്ക് നിറുത്താതെ മഴ പെയ്യുന്നുണ്ടെങ്കിലും ആവശ്യത്തിന് മൺസൂൺ മഴ ജില്ലയ്ക്ക് ലഭിച്ചിട്ടില്ല. ഈ സീസണിൽ ഇതുവരെ 13 ശതമാനം മഴയുടെ കുറവാണ് ഉണ്ടായത്. ജൂൺ മുതൽ ഇന്നലെ വരെ 1023.6 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 889.9 മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചത്. എന്നാൽ മാർച്ച് മുതൽ മേയ് വരെയുള്ള പ്രീ മൺസൂൺ കാലത്ത് 23 ശതമാനം അധികമഴയുണ്ടായി. 434 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 535.2 മില്ലി മീറ്റർ മഴ ലഭിച്ചു.
സഹായത്തിന് വിളിക്കാം
വൈദ്യുതി ലൈൻ അപകടം: 1056
ദുരന്ത നിവാരണ അതോറിട്ടി: 1077
കെ.എസ്.ഇ.ബി കൺട്രോൾ റൂം: 1912
സംസ്ഥാന കൺട്രോൾ റൂം: 1070