al
പവിത്രേശ്വരം ഭജനമടം വാർഡിൽ രഞ്ജിനി ഭവനിൽ ശ്രീധരൻപിള്ള രാധാമണി അമ്മയും അവരുടെ പൊളിയാറായ വീടിന് മുൻപ്പിൽ

 പവിത്രേശ്വരം ഗ്രാമപഞ്ചായത്തിൽ പല തവണ വീടിന് വേണ്ടി അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചിട്ടില്ല

പുത്തൂർ: പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ ചെറുപൊയ്കയിൽ ഭജനമടം വാർഡിൽ രഞ്ജിനി ഭവനിൽ ശ്രീധരൻപിള്ളയും(74) ഭാര്യ രാധമണിഅമ്മയും(64) വീടിന്റെ സ്ഥിതി ഏറെ ദയനീയം.

ചോർന്നൊലിക്കുന്ന മേൽക്കൂര, ചിതൽ കയറി നശിച്ച കഴുക്കോലുകൾ, എലികൾ തുരന്ന തറ, ബലക്ഷയത്താൽ വിള്ളൽവീണ ഭിത്തി , തകർന്നു വീഴാറായ ഈ വീട്ടിൽ ജീവൻ പണയം വെച്ചാണ് ഇവർ കഴിയുന്നത്. മഴക്കാലത്ത് വീടിനകത്ത് കഴിയാൻ പേടിക്കണം. ചോർച്ച ഒഴിവാക്കാൻ ഓടിനുമീതെ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിട്ടുണ്ട്. അതുകൊണ്ടും പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. 8 സെന്റ് ഭൂമിയിൽ 25 വർഷത്തോളം പഴക്കമുള്ള വീടാണിത്. ചതുപ്പു പ്രദേശമായതിനാൽ എല്ലാ വർഷവും മഴക്കാലത്ത് വീടിനകത്ത് വെള്ളം കയറും. വീട് നിറയെ ചെളി അവശേഷിപ്പിച്ചാണ് ഓരോ മഴക്കാലവും കടന്നുപോവുക. പവിത്രേശ്വരം ഗ്രാമപഞ്ചായത്തിൽ പല തവണ വീടിന് വേണ്ടി അപേക്ഷ നൽകിയെങ്കിലും നാളിതു വരെ പരിഗണിച്ചിട്ടില്ല.

രാധമണിഅമ്മയ്ക്ക് കാഷ്യു കമ്മനിയിൽ ജോലിയുണ്ട്. ശാരീരികമായ അസുഖങ്ങളും കേൾവിക്കുറവും ഉള്ളതിനാൽ ശ്രീധരൻപിള്ളയ്ക്ക് ജോലിക്ക് പോകാനാവില്ല. 2 പെൺമക്കളാണ് ഇവർക്കുള്ളത് . വിവാഹിതരായ അവരും ഇപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നത്. സുമനസുകളുടെ സഹായമുണ്ടായാൽ അടച്ചുറപ്പുള്ള ഒരു വീട് വെക്കാമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ഫോൺ : 99468 38715

..