പുനലൂർ: നഗരസഭയിലെ ആരപുന്ന കല്ലംകുന്നിൽ പി.എസ്.സുപാൽ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഹൈമാസ് ലൈറ്റ് സ്ഥാപിക്കാനുള്ള ശ്രമം വീട്ടമ്മ തടഞ്ഞത് വാക്കേറ്റത്തിൽ കലാശിച്ചു. വാർഡ് കൗൺസിലറും മുൻ നഗരസഭ ചെയർപേഴ്സൺ ബി.സുജാതയും വീട്ടമ്മയായ രജനിയും തമ്മിലായിരുന്നു വാക്കേറ്റം ഉണ്ടായത്. കല്ലംകുന്ന് ജംഗ്ഷനിലെ കട്ടിംഗിലൂടെ കടന്ന് പോകുന്ന പാതയോരത്താണ് ലൈറ്റ് സ്ഥാപിക്കാൻ ബേസ്മെന്റ് കോൺക്രീറ്റ് ചെയ്തത്. ഇതിന് സമീപത്ത് വീട്ടമ്മ ഗേറ്റു സ്ഥാപിക്കുമ്പോൾ ഗതാഗത തടസം ഉണ്ടാകുമെന്ന് പറഞ്ഞാണ് നിർമ്മാണ ജോലികൾ തടയാൻ ശ്രമിച്ചത്. അതിനിടെ ലൈറ്റ് സ്ഥാപിക്കാൻ വേണ്ടി പണിത കോൺക്രീറ്റ് പ്ലാറ്റ് ഫോം സമീപവാസികൾ രണ്ടുദിവസം മുമ്പു തല്ലിത്തകർത്തത് സംബന്ധിച്ച് വാർഡ് കൗൺസിലർ പുനലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. വാക്കേറ്റം ഉണ്ടാകുന്നത് അറിഞ്ഞ് പുനലൂർ സി.ഐ ടി.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ വനിത പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇരുവിഭാഗങ്ങളെയും ശാന്തരാക്കാൻ ശ്രമിച്ചു. എന്നാൽ കൂടുതൽ ജനങ്ങൾ എത്തി നിശ്ചയിച്ച സ്ഥലത്ത് തന്നെ ലൈറ്റ് സ്ഥാപിച്ചാലെ എല്ലാ പ്രദേശങ്ങളിലും വെളിച്ചം ലഭിക്കുകയുള്ളു എന്ന ഉറച്ച അഭിപ്രായത്തെ തുടർന്ന് വീട്ടമ്മ പിൻമാറുകയായിരുന്നു. വാർഡ് കൗൺസിലർക്ക് പുറമെ സി.പി.ഐ നേതാക്കളായ ജ്യോതികുമാർ, അഡ്വ.എഫ്. കാസ്റ്റ്ലസ് ജൂനിയർ തുടങ്ങിയ നിരവധി പേർ സംഭവ സ്ഥലത്ത് എത്തിയിരുന്നു.