rahul
രാഹുൽ

കൊല്ലം: ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. കരുനാഗപ്പള്ളി രാജേഷ് ഭവനിൽ രാഹുൽ (24) ആണ് പിടിയിലായത്. ഇന്നലെ രാവിലെ കരുനാഗപ്പള്ളി പുതിയകാവിൽ സംശയാസ്പദമായി കണ്ട രാഹുലിനെ പൊലീസ് സംഘം തടഞ്ഞുനിറുത്തി നടത്തിയ ദേഹപരിശോധനയിലാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എ കണ്ടെത്തിയത്. ബാംഗ്ലൂരിൽനിന്നും വ്യാവസായിക അടിസ്ഥാനത്തിൽ എം.ഡി.എം.എ കടത്തിക്കൊണ്ട് വന്ന് നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള സ്‌കൂൾ ,കോളേജ്
വിദ്യാർത്ഥികൾക്കും മറ്റും വിതരണം നടത്തിവരുകയായിരുന്നു. ഇയാളുടെ മയക്കു മരുന്ന് ശൃംഖലയെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണി നിർദ്ദേശപ്രകാരം കരുനാഗപള്ളി എ.സി.പി പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ വി.ബിജു, എസ്.ഐമാരായ ഷമീർ, ഷാജിമോൻ, ജോയ്, എ.എസ്.ഐ തമ്പി, സി.പി.ഓ ഷഫീക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള കരുനാഗപ്പള്ളി പൊലീസും ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ കണ്ണന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.