എഴുകോൺ : എഴുകോൺ കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉള്ളവരാണ് അപേക്ഷിക്കണ്ടത്. 9ന് വൈകിട്ട് 4 നകം അപേക്ഷിക്കണം. 10ന് രാവിലെ 10.30ന് അഭിമുഖം നടക്കും. ഡോക്ടർ ഇല്ലാത്തതിനാൽ ഉദ്ഘാടനം ചെയ്ത സായാഹ്ന ഓ.പികൾ പൂട്ടേണ്ടി വന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം കേരള കൗമുദി വാർത്ത നൽകിയിരുന്നു. ദേശീയ ആരോഗ്യ മിഷനിൽ നിന്ന് ഡോക്ടർമാരെ ലഭിക്കാതെ വന്നതിനാലാണ് പഞ്ചായത്തിന് ഡോക്ടറെ നിയോഗിക്കേണ്ടി വരുന്നത്.

രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ

എഴുകോൺ പഞ്ചായത്തിൽ മാത്രം രണ്ട് കുടുംബ ആരോഗ്യ കേന്ദ്രങ്ങളുണ്ട്. എഴുകോൺ പോച്ചം കോണത്തും കാരുവേലിൽ പ്ലാക്കാട്ടുമാണ് ഇവ. സംസ്ഥാനത്ത് തന്നെ ഒരു പഞ്ചായത്തിൽ രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങൾ അപൂർവമാണ്. വി.എം.സുധീരൻ ആരോഗ്യ മന്ത്രിയായിരിക്കെ എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമുന്നത കോൺഗ്രസ് നേതാവ് വി.സത്യശീലന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് പ്ലാക്കാട്ട് പ്രത്യേക ഉത്തരവിലൂടെ ആരോഗ്യ കേന്ദ്രം അനുവദിച്ചത്. പ്ലാക്കാട്ടെ പിന്നാക്ക ജന വിഭാഗങ്ങൾക്ക് ഏറെ പ്രയോജനമാണ് ഇവിടുത്തെ ആരോഗ്യ കേന്ദ്രം.

സാങ്കേതിക തടസം

ഒരു പഞ്ചായത്തിൽ തന്നെ രണ്ട് കുടുംബാരോഗ്യ കേന്ദ്രം എന്ന നിലയിൽ എൻ.എച്ച് എം സ്റ്റാഫിനെയും മറ്റും അനുവദിക്കുന്ന കാര്യത്തിൽ സാങ്കേതിക ബുദ്ധിമുട്ടുകളും ഉണ്ട്. ഒരു പഞ്ചായത്തിൽ ഒരു കുടുംബാരോഗ്യ കേന്ദ്രം എന്ന നിലയിലാണ് ആരോഗ്യ വകുപ്പിന്റെ നടപടി ക്രമങ്ങൾ. പ്ലാക്കാട് കേന്ദ്രത്തിന്റെ കാര്യത്തിൽ പ്രത്യേക ഉത്തരവുകൾ അനിവാര്യമാണ്.

ബുദ്ധിമുട്ടി രോഗികൾ

കഴിഞ്ഞ കുറച്ചു നാളുകളായി പോച്ചം കോണം ആരോഗ്യ കേന്ദ്രത്തിൽ രോഗികൾക്ക് വലിയ ബുദ്ധിമുട്ടാണ്. രണ്ട് ഡോക്ടർമാർ ഉണ്ടെങ്കിലും മിക്കപ്പോഴും മെഡിക്കൽ ഓഫീസർ ചികിത്സാ ഡ്യൂട്ടിയിൽ ഉണ്ടാകാറില്ല. പഞ്ചായത്തും മറ്റും നിശ്ചയിക്കുന്ന സെമിനാറുകൾക്കും ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ ക്യാമ്പുകൾക്കും തുടർച്ചയായി പോകേണ്ടി വരുന്നതിനാലാണിത്. നിലവിൽ ഫാർമസിസ്റ്റ് ലീവിൽ പോയതിനാൽ മരുന്ന് വിതരണത്തിന് പോലും ആളില്ലാത്ത സ്ഥിതിയാണിവിടെ. സ്റ്റാഫ് നഴ്സിനെ ഉപയോഗിച്ചാണ് മരുന്ന് വിതരണം.