കൊല്ലം: കുണ്ടറ ആശുപത്രിമുക്കിൽ ദേശീയപാത കൈയേറി നടത്തുന്ന മീൻ കച്ചവടം ഒഴിപ്പിക്കാനുള്ള ശ്രമം ഭരണകക്ഷിയുടെ പ്രാദേശിക നേതാവ് തടഞ്ഞു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഗ്രാമപഞ്ചായത്ത് അധികൃതർ എതിർപ്പിനെ തുടർന്ന് മടങ്ങി.

ഇന്നലെ വൈകിട്ട് 3.30​ഓടെയാണ് കുണ്ടറ പൊലീസിന്റെ സഹായത്തോടെ പഞ്ചായത്ത് അധികൃതർ കച്ചവടം ഒഴിപ്പിക്കാനെത്തിയത്.ഈ സമയം പാർട്ടിനേതാവ് എതിർപ്പുമായി എത്തുകയായിരുന്നു. റോഡ് കൈയേറിയുള്ള മീൻ കച്ചവടം വ്യാപാര സ്ഥാപനങ്ങൾക്കും യാത്രക്കാർക്കും ഗതാഗതത്തിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതിയുണ്ട്. ഇതിനെതിരെ സമീപത്തെ വ്യാപാരികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി കൈയേറ്റം ഒഴിപ്പിക്കാൻ ഉത്തരവിട്ടത്.

ഒരുമാസമായി കച്ചവടക്കാർക്ക് പഞ്ചായത്ത് നോട്ടീസ് നൽകുകയും ഹൈക്കോടതി ഉത്തരവ് പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ അവഗണിച്ച് കച്ചവടം തുടർന്നതോടെയാണ് ഇന്നലെ ഒഴിപ്പിക്കാൻ എത്തിയത്. ഒഴിപ്പിക്കൽ തടഞ്ഞവരുടെ വീഡിയോ ദൃശ്യങ്ങൾ സഹിതമുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.