കൊല്ലം: കൊല്ലം അഴീക്കൽ സ്രായിക്കാട് സ്വദേശി പ്രജിലിനെ സംഘം ചേർന്ന് വെട്ടിക്കൊല്ലുയുംസഹോദരൻ പ്രവീണിനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തെന്ന കേസിൽ ഒന്നാംപ്രതി അഴീക്കൽ തുറയിൽ പുത്തൻവീട്ടിൽ അർജുൻ കുറ്റക്കാരനെന്ന് കൊല്ലം ഫോർത്ത് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. സുഭാഷ് കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും. കേസിലെ രണ്ടു മുതൽ ആറു വരെ പ്രതികളെ വെറുതെ വിട്ടു.
പ്രോസിക്യൂഷൻ കേസ് ഇങ്ങനെ: കുടുംബ സുഹൃത്തിന്റെ മകളെ ശല്യം ചെയ്യരുതെന്ന പ്രജലിന്റെ നിർദേശത്തെ അവഗണിച്ച പ്രതി പെൺകുട്ടിയെ വീണ്ടും ശല്യം ചെയ്തു. ഇതോടെ പ്രതിയും കൊല്ലപ്പെട്ട പ്രജിലുമായി ഫോണിലൂടെ നിരവധി തവണ വാക്ക് തർക്കമുണ്ടായി. തുടർന്ന് പ്രതി പ്രജിലിനെയും പ്രവീണിനേയും ഫോണിൽ കുടുംബ സുഹൃത്തിന്റെ മകളുടെ ഫോട്ടോ ഉണ്ടോ എന്ന് പരിശോധിക്കാനായി 2016 ജൂലായ് 18ന് വീടിനടുത്തേക്ക് വിളിച്ചുവരുത്തി.വൈകിട്ട് അഞ്ച് മണിയോടെ സ്ഥലത്ത് എത്തിയ പ്രജിലിനെയും സഹോദരനെയും സുഹൃത്തുക്കളെയും ഒന്നാംപ്രതി അർജുനും സുഹൃത്തുക്കളും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു. പ്രജിലിനെ തലയിലും കഴുത്തിലും കൈകാലുകളിലും മാരകമായി വെട്ടേറ്റു, തടസം പിടിക്കാനെതതിയ പ്രവീണിന് ഇടതുകാലിൽ വെട്ടേറ്റു. ചികിത്സയിലിരിക്കെ പ്രജിൽ മരിച്ചു. ഓച്ചിറ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന വിനോദ് ചന്ദ്രനാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ബി. മഹേന്ദ്ര ഹാജരായി.