കൊല്ലം: പരപുരുഷ ബന്ധം സംശയിച്ച് ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി​ കണ്ടെത്തി. ചവറ നീലേശ്വരം തോപ്പ് ശരണ്യ ഭവനിൽ ശിവാനന്ദന്റെ മകൾ ശരണ്യയെ കൊലപ്പെടുത്തിയ കേസിൽ എഴുകോൺ സ്വദേശി ഷിജുവാണ് പ്രതി​.

പ്രോസിക്യൂഷൻ കേസ് ഇങ്ങനെ: 2022 ഫെബ്രുവരി 25നായിരുന്നു സംഭവം. നീലേശ്വരം തോപ്പിലെ വീട്ടിൽ ശരണ്യ പാചകം ചെയ്തുകൊണ്ടിരിക്കെ ഷി​ജു ബക്കറ്റിൽ പെട്രോളുമായെത്തി ശരണ്യയുടെ ദേഹത്തൊഴിക്കുകയായിരുന്നു. ശരീരമാസകലം തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റ് സ്വകാര്യ ആശപുത്രിയിൽ ചികിത്സയിലിരിക്കെ ശരണ്യ 25ന് മരിച്ചു. ശരണ്യയെ കൊലപ്പെടുത്താൻ മുൻകൂട്ടി തീരുമാനിച്ച പ്രതി തലേദിവസം രാത്രി 12 മണിയോടെ ശക്തികുളങ്ങരയിലെ പമ്പിൽ നിന്നു പെട്രോൾ വാങ്ങി. തുടർന്ന് ഓട്ടോറിക്ഷയിൽ ശരണ്യയുടെ വീടിന് അടുത്തെത്തി സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. പുലർച്ചെ ആറുമണിയോട ശരണ്യയുടെ അമ്മ ശൗചാലയത്തി​ൽ പോകാനായി വീടിന് പിൻവശത്തെ വാതിൽ തുറന്നു പുറത്തിറങ്ങിയ സമയം പ്രതി അടുക്കളയിൽ പ്രവേശിച്ച്, പാചകം ചെയ്തുകൊണ്ട് നിന്ന ശരണ്യയുടെ ദേഹത്തേക്ക് ബക്കറ്റിൽ കരുതിയ പെട്രോൾ മുഴുവൻ ഒഴിക്കുകയായിരുന്നു.

അടുപ്പിൽ നിന്നു തീ ശരീരത്തിൽ പടർന്നു നിലവിളിച്ച ശരണ്യയുടെ ശബ്ദം കേട്ട്, വീട്ടിൽ ഉറങ്ങിക്കി​ടക്കുകയായിരുന്ന രണ്ട് പെൺമക്കളും അയൽവാസികളുമെത്തി തീകെടുത്തിയെങ്കിലും 95 ശതമാനം പൊള്ളലേറ്റിരുന്നു. ചവറ സി.ഐ ആയിരുന്ന എ. നിസാമുദ്ദീനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ എ നിയാസ് ആണ് കോടതിയിൽ ഹാജരായത്.