പടിഞ്ഞാറെ കല്ലട: പ്രായമായവർക്ക് ഒറ്റപ്പെടലിന്റെ വിരസതകളിൽനിന്നു മാറി മാനസികോല്ലാസത്തോടെ സമയം ചെലവഴിക്കാനുള്ള അവസരം ഒരുക്കുന്ന സർക്കാർ പദ്ധതിയാണ് പകൽവീട്. പടിഞ്ഞാറെക്കല്ലട

പഞ്ചായത്തിലും മുതിർന്ന പൗരന്മാർക്കായി പകൽ വീടുകൾ വേണമെന്ന ആവശ്യം ശക്തമാകുന്നു. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ഇത്തരത്തിലുള്ള പകൽവീടുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ തുടങ്ങിയിട്ടുണ്ട്. ഈ ആശയം നടപ്പിലാക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വ്യക്തികൾ, സംഘടനകൾ ഇവയിൽ ആരെങ്കിലും മുന്നോട്ടു വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പഞ്ചായത്തിലെ കടപുഴ മുതൽ കണ്ണൻകാട് വരെയുള്ള കല്ലടയാറിന്റെ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രകൃതി മനോഹരവും ശാന്ത സുന്ദരവും സുരക്ഷിതവുമായ സ്ഥലം കണ്ടെത്തി വീടുകൾ വാടകയ്ക്ക് ലഭിക്കുമെങ്കിൽ ആദ്യഘട്ടമെന്ന നിലയിൽ തുടങ്ങാനാവുമെന്ന് അധികൃതർ പറയുന്നു.

മുതിർന്നവരുടെ മാനസികോല്ലാസത്തിന് മുൻതൂക്കം നൽകുന്ന പകൽവീട് കാലത്തിന്റെ ആവശ്യകതയാണ്. പ്രത്യേകിച്ചും സ്ത്രീകൾക്ക് ഒറ്റപ്പെടലിന്റെ ദുഃഖം അകറ്റുവാനുള്ള ഒരിടം കൂടിയാണ് പകൽ വീട്.

ഡോ.എ.സുഷമാദേവി, റിട്ട.പ്രിൻസിപ്പൽ,

എസ്.എൻ കോളേജ് കൊല്ലം

(പടി.കല്ലട ഉള്ളുരുപ്പിൽ വേങ്ങയിൽ കുടുംബാംഗം )

പകൽ വീട് നമ്മുടെ ഗ്രാമത്തിലും അനിവാര്യമാണ്. അണുകുടുംബങ്ങളിൽ നിന്നുള്ള ഒറ്റപ്പെടലും അവഗണനയും ഇല്ലാതെ ഒരുമിച്ച് ഇരിക്കാൻ ഒരിടം വേണം. വിനോദ പരിപാടികൾ, ഗെയിമുകൾ, ചർച്ചകൾ എന്നിവക്കുള്ള പൊതു വേദിയായും ഉപയോഗിക്കാം.

കെ.ബി.ബാഹുലേയൻ

റിട്ട. അഡിഷണൽ സെക്രട്ടറി