നവജ്യോതി ജംഗ്ഷൻ- വ്ലാവേത്ത് വഞ്ചി റോഡ് പൊളിഞ്ഞിട്ട് വർഷങ്ങൾ
കൊല്ലം: നവജ്യോതി ജംഗ്ഷൻ- വ്ലാവേത്ത് വഞ്ചി റോഡ് പൊട്ടിപ്പൊളിഞ്ഞ് വർഷങ്ങളായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. വെള്ളിമൺ, പെരിനാട് പി.എച്ച്.സി എന്നിവിടങ്ങളിലേക്ക് പോകുന്നവർ ആശ്രയിക്കുന്ന റോഡാണ് തകർന്നുകിടക്കുന്നത്.
റോഡിന്റെ പലഭാഗത്തും ടാറിംഗും മെറ്റലും ഇളകി കുഴികൾ രൂപപ്പെട്ടു. പല കുഴികളും ഗർത്തങ്ങളായി. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കുഴിയിൽ വെള്ളം നിറഞ്ഞ് തോടുപോലെയായി. മഴ സമയത്തടക്കം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. അപകടത്തിൽപ്പെടുന്നതിലേറെയും ഇരുചക്ര വാഹനയാത്രികരാണ്. മഴക്കാലത്ത് ഇവിടെ കാൽനടയാത്ര പോലും തലവേദനയാവുകയാണ്. ഏകദ്ദേശം 40 ഓളം വീടുകളാണ് റോഡിന് ഇരുവശത്തുമുള്ളത്. റോഡ് തകർന്നുകിടക്കുന്നത് കാരണം ഓട്ടോറിക്ഷക്കാർ ഇതുവഴിയുള്ള സഞ്ചാരം ഉപേക്ഷിച്ച മട്ടാണ്. അഥവാ ആരെങ്കിലും വന്നാൽ, ഓട്ടം വിളിക്കുന്നവരോടുള്ള താത്പര്യംകൊണ്ട് മാത്രമാവും.
ഫണ്ട് ഉണ്ട്, ഇറക്കില്ല!
റീബിൽഡ് കേരളയുടെ ഫണ്ടുപയോഗിച്ച് സ്റ്റാർച്ച് മുക്ക് മുതൽ കൈതാകോടി വരെയുള്ള റോഡിന്റെ ടാറിംഗിനോടൊപ്പം ഈ റോഡിന്റെയും അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചതാണ്. രണ്ടു കിലോമീറ്ററിന് താഴെ മാത്രം ദൈർഘ്യമുള്ള സ്റ്റാർച്ച് മുക്ക് കൈതാകോടി റോഡിന്റെ പണി പൂർത്തിയാക്കാൻ രണ്ടുവർഷത്തിലധികം സമയം എടുത്തു. അടുത്തിടെയാണ് പൂർത്തിയായത്. ഇതോടൊപ്പം ചെയ്തു തീർക്കേണ്ട അരകിലോമീറ്ററിനു താഴെ മാത്രം ദൂരമുള്ള നവജ്യോതി വ്ലാവേത്ത് വഞ്ചി റോഡിന്റെ പണി ഇതുവരെ തുടങ്ങിയിട്ടുപോലുമില്ല. രണ്ട് റോഡുകൾക്കും കൂടി 2 കോടിയാണ് വകയിരുത്തിയത്.
വളരെ ബുദ്ധിമുട്ടിയാണ് ഇതുവഴി യാത്ര ചെയ്യുന്നത്. മഴക്കാലമായതിനാൽ റോഡിലെ വെള്ളക്കെട്ടും ഭീഷണിയാകുന്നു. എത്രയും വേഗം റോഡിന്റെ പണി ആരംഭിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് ഇറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം
ശിവൻ വേളീക്കാട് , പ്രസിഡന്റ് ചെറുമൂട് ഗ്രന്ഥകൈരളി നഗർ റസിഡൻസ് അസോസിയേഷൻ
...................................
ഓണത്തിന് ശേഷം റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. റീ എസ്റ്റിമേറ്റ് നടന്നതുകൊണ്ടാണ് കാലതാമസം ഉണ്ടായത്
പി.ജഗന്നാഥൻ, മെമ്പർ, ചെറുമൂട് 5-ാം വാർഡ്