കൊല്ലം: ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാൻ, ഫീൽഡ് സർവ്വേ നടത്തി റിപ്പോർട്ട് തയ്യാറാക്കാനുള്ള ജീവനക്കാരില്ലാത്തതിനാൽ ജില്ലയിൽ കെട്ടിക്കിടക്കുന്നത് 21,000 അപേക്ഷകൾ.

സബ് ഡിവിഷൻ ആവശ്യമുള്ള ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് മുന്നോടിയായാണ് തഹസിൽദാർമാർ ഫീൽഡ് സർവ്വേയർമാരെ നിയോഗിച്ച് പരിശോധന നടത്തി റിപ്പോർട്ട് വാങ്ങുന്നത്. അപേക്ഷകളിൽ ബഹുഭൂരിപക്ഷവും സബ് ഡിവിഷൻ ആവശ്യമുള്ളതാണ്. എണ്ണക്കൂടുതൽ കാരണം 2022ൽ 120 ഓളം ഫീൽഡ് സർവ്വേയർമാരെ താത്കാലികമായി നിയോഗിച്ചു. പിന്നീട് ആറ് മാസത്തെ ഇടവേളയിൽ രണ്ട് തവണ ദിവസവേതന അടിസ്ഥാനത്തിൽ വീണ്ടും നിയമിച്ചു. രണ്ട് മാസം മുൻപ് കരാർ കാലാവധി പൂർത്തിയായതിന് പിന്നാലെ പിരിച്ചുവിട്ടവർക്ക് പകരം നിയമനം നടന്നിട്ടില്ല.

നേരത്തെ ജില്ലയിൽ രണ്ട് ആർ.ഡി.ഒ ഓഫീസുകൾ കേന്ദ്രീകരിച്ച് മാത്രമാണ് ഭൂമിതരം മാറ്റ അപേക്ഷകൾ തീർപ്പാക്കിയിരുന്നത്. മൂന്ന് മാസം മുൻപ് ആർ.ഡി.ഒമാർക്ക് പുറമേ മൂന്ന് ഡെപ്യൂട്ടി കളക്ടർമാർക്ക് ഓരോ താലൂക്കുകളുടെ ചുമതല നൽകി. എന്നാൽ ഫീൽഡ് സർവ്വേയർമാരില്ലാത്തതിൽ പുതിയ പരിഷ്കാരം പ്രയോജനപ്പെടുന്നില്ല.

 പ്രതീക്ഷകൾ തകരുന്നു

ഭൂമിതരം മാറ്റ അപേക്ഷകളിൽ തീർപ്പ് വൈകുമ്പോൾ വലയുന്നത് അത്രയും കുടുംബങ്ങളാണ്. ചികിത്സ, വിവാഹം, പഠനം തുടങ്ങിയവയ്ക്കുള്ള പണം കണ്ടെത്തുന്നതിന് ഭൂമി വിൽക്കാനോ ബാങ്കുകളിൽ ഈടുവച്ച് ലോൺ എടുക്കാനോ ആണ് പലരും തരംമാറ്റത്തിന് അപേക്ഷ നൽകുന്നത്. രേഖകളിൽ നിലം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ ബുങ്കുകൾ സ്വീകരിക്കില്ല. ഭൂമിക്ക് വിലയും കിട്ടില്ല. വീട് നിർമ്മാണത്തിന് പെർമിറ്റ് കിട്ടാത്തതിനാൽ അപേക്ഷിക്കുന്നവരും ഏറെയാണ്.

...........................................

 ജില്ലയിൽ 120 താത്കാലിക സർവ്വേയർമാർ

 ദിവസ വേതനം 850 രൂപ

 ഒരു സർവ്വേയർ മാസം ശരാശരി 25 റിപ്പോർട്ടുകൾ തയ്യാറാക്കണം

 രണ്ട് മാസമായി തരം മാറ്റം തീർപ്പാക്കൽ മന്ദഗതിയിൽ

 കൂടുതൽ അപേക്ഷകർ കൊല്ലം താലൂക്കിൽ

 ആർ.ഡി.ഒ ഓഫീസുകളിലെ ജീവനക്കാരുടെ കുറവ് തടസമായി

 ഇന്റർനെറ്റിന്റെ വേഗക്കുറവും വിഷയം

..............................................

ജില്ലയിൽ ഭൂമി തരംമാറ്റ സ്ഥിതി

 ലഭിച്ചത് 45000 അപേക്ഷകൾ

 തീർപ്പായത്: 24000

 കെട്ടിക്കിടക്കുന്നത്:21000

'' പിരിച്ചുവിട്ട ഫീൽഡ് സർവ്വേയർമാർക്ക് പകരം പുതിയവരെ നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.''

റവന്യു വകുപ്പ് അധികൃതർ