നിരവധി പ്രവർത്തകർക്ക് പരിക്ക്
വെസ്റ്റ് സി.ഐക്കും പരിക്ക്
പരിക്കേറ്റവരിൽ രണ്ടു ഫോട്ടോഗ്രാഫർമാരും
കൊല്ലം: എം.മുകേഷ് എം.എൽ.എയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പൊലീസ് മർദ്ദനം. രണ്ട് മാദ്ധ്യമ പ്രവർത്തകർക്കും പരിക്കേറ്റു. സംഘട്ടനത്തിൽ വെസ്റ്റ് സി.ഐ ആർ. ഫയാസ് ഉൾപ്പെടെ പൊലീസുകാർക്കും പരിക്കുണ്ട്.
പ്രവർത്തകരായ കൗശിക് എം.ദാസ്, അനീഷ് വർഗീസ് എന്നിവർക്ക് തലയ്ക്കും യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് റിയാസ് ചിതറയുടെ കൈക്കും പരിക്കേറ്രു. ഷാഫി, ഫൈസൽ കുഞ്ഞുമോൻ, മീനാക്ഷി, ഗൗരി, നഫ്സൽ കലത്തിക്കാട്, ആഷിക് ബൈജു എന്നിവർക്കും പരിക്കുണ്ട്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. മനോരമ ന്യൂസ് ക്യാമറമാൻ രഞ്ജിത് മോഹന്റെ വയറിനും മാതൃഭൂമി ഫോട്ടോഗ്രാഫർ സുധീർ മോഹന്റെ വലതു തോളിലും.പരിക്കേറ്റു. വനിത എസ്.ഐ സ്വാതിയുടെ വലത് കൈക്കും വനിത സി.പി.ഒ റജിമോൾക്കും പരിക്കുണ്ട്. പ്രകോപനം ഒന്നുമില്ലാതെ പൊലീസ് ചവിട്ടി തഴെയിട്ട ശേഷം അടിക്കുകയായിരുന്നുവെന്ന് പ്രവർത്തകർ ആരോപിച്ചു. വനിത പ്രവർത്തകരെ പുരുഷ പൊലീസുകാർ മൃഗീയമായി മർദ്ദിച്ചെന്നും പരാതിയുണ്ട്. പ്രദേശത്ത് ഏറെനേരം സംഘർഷാവസ്ഥ നിലനിന്നു. തടയാനായി സ്ഥാപിച്ച ബാരിക്കേഡ് ചാടിക്കടക്കാൻ പ്രവർത്തകർ ശ്രമിച്ചതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്.
സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി
പൊലീസ് കസ്റ്റഡിയിലെടുത്ത് വെസ്റ്റ് സ്റ്റേഷനിലെത്തിച്ച ഏഴു പ്രവർത്തകരെ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ സ്റ്റേഷനിലെത്തി ഇറക്കിക്കൊണ്ടു പോയി. പുരുഷ പൊലീസുകാർ മർദ്ദിച്ചു എന്നാരോപിച്ച് വനിതാപ്രവർത്തകർ വെസ്റ്ര് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. റിയാസ് ചിതറ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വിഷ്ണു സുനിൽ പന്തളം, അനുതാജ്, ഡി.സി.സി വൈസ് പ്രസിഡന്റ് ആർ. അരുൺരാജ് , ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ, ഷംല നൗഷാദ്, ചൈത്രഡി.തമ്പാൻ, കൗശിക് ദാസ്, മുഹമ്മദ് ആരിഫ്, അജു ജോർജ്, ആദർശ് ഭാർഗവൻ, തൗഫീക്ക് തടിക്കാട്, ഷക്കീം, ഷഹനാസ്, ഇർഷാദ് ബഷീർ, ഹാഷിം സുലൈമാൻ എന്നിവർ നേതൃത്വം നൽകി.
ബലാത്സംഗകേസിലെ പ്രതിയല്ലേ. ഇന്ത്യൻ പ്രധാനമന്ത്രിയല്ലല്ലോ? സ്ത്രീ പീഡനക്കേസിലെ പ്രതിയായ എം.എൽ.എയെ സംരക്ഷിക്കാൻ വനിതാപ്രവർത്തകരെ അടക്കം പുരുഷ പൊലീസുകാർ റോഡിലൂടെ വലിച്ചിഴച്ച് ചവിട്ടുകയും അടിച്ചോടിക്കുകയുമാണ്. രാജിവെയ്ക്കാതെ മുകേഷിനെ പുറത്തിറങ്ങി നടക്കാൻ യൂത്ത് കോൺഗ്രസ് അനുവദിക്കില്ല
രാഹുൽ മാങ്കൂട്ടത്തിൽ , യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്