കൊല്ലം: അഴീക്കൽ സ്രായിക്കാട് സ്വദേശിയും തുറയിൽ കിഴക്കതിൽ പ്രവീൺ ഭവനിൽ പ്രബുദ്ധന്റെ മകനുമായ പ്രജിലിനെ (28) കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി അഴീക്കൽ തുറയിൽ പുത്തൻവീട്ടിൽ അർജുന് (26) ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും. പ്രജിലിന്റെ സഹോദരൻ പ്രവീണിനെ ആക്രമിച്ചതിന് അഞ്ച് വർഷം തടവും 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. രണ്ട് ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കൊല്ലം ഫോർത്ത് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. സുഭാഷിന്റെ വിധിയിൽ പറയുന്നു.
പ്രജിലിന്റെ കുടുംബ സുഹൃത്തിന്റെ മകളെ ശല്യം ചെയ്തത് വിലക്കിയതിലുള്ള വിരോധത്തിൽ അർജുന്റെ നേതൃത്വത്തിലുള്ള സംഘം പ്രജിലിനെ വെട്ടിക്കൊല്ലുകയും പ്രവീണിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നുമാണ് കേസ്.
കുറ്റപത്രത്തിൽ പറയുന്നതിങ്ങനെ: പ്രജിലിന്റെ വിലക്ക് അവഗണിച്ച് അർജ്ജുൻ പെൺകുട്ടിയെ ശല്യം ചെയ്യുന്നത് തുടർന്നു. ഇതിനെച്ചൊല്ലി അർജുനും പ്രജിലും തമ്മിൽ ഫോണിലൂടെ പലതവണ വാക്കേറ്റമുണ്ടായി. 2016 ജൂലായ് 18ന് പ്രജിലിനെയും പ്രവീണിനെയും അർജുൻ തന്റെ വീടിനടുത്തേക്ക് വിളിച്ചുവരുത്തി. അഞ്ച് മണിയോടെ സ്ഥലത്തെത്തിയ സഹോദരങ്ങളെ അർജുനും സുഹൃത്തുക്കളും ചേർന്ന് വാൾ, കൊന്നപ്പത്തൽ എന്നിവ കൊണ്ട് ആക്രമിച്ചു. അർജുൻ പ്രജിലിന്റെ തലയിലും കഴുത്തിലും കൈകാലുകളിലും മാരകമായി വെട്ടി. തടസം പിടിക്കുന്നതിനിടെ പ്രവീണിന്റെ ഇടതുകാലിൽ വെട്ടി. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എഴരയോടെ പ്രജിൽ മരിച്ചു. കേസിലെ മറ്റ് ആറ് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കഴിഞ്ഞ ദിവസം വെറുതെവിട്ടിരുന്നു.
ഓച്ചിറ എസ്.ഐ ആയിരുന്ന വിനോദ് ചന്ദ്രനാണ് കേസെടുത്തത്. കരുനാഗപ്പള്ളി ഇൻസ്പെക്ടർമാരായിരുന്ന രാജപ്പൻ റാവുത്തർ, എം. അനിൽകുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ബി. മഹേന്ദ്ര ഹാജരായി. എ.എസ്.ഐ സാജുവാണ് പ്രോസിക്യൂഷൻ സഹായിയായി പ്രവർത്തിച്ചത്.
വെറുതേവിട്ടത് യുവമോർച്ച
നേതാവിനെ ഉൾപ്പെടെ
കൊല്ലം: പ്രജിൽ വധക്കേസിൽ യുവമോർച്ച നേതാവും രണ്ടാം പ്രതിയുമായ കരുനാഗപള്ളി അഴീക്കൽ തുറയിൽ പരുത്തുംമൂട് വീട്ടിൽ സുജിത്ത് (31) ഉൾപ്പെടെ അഞ്ചു പേരെയാണ് കോടതി വെറുതേവിട്ടത്. ഒന്നാം പ്രതിയുടെ സുഹൃത്തായ സുജിത്ത്, കൊല്ലപ്പെട്ട പ്രജിലിന്റെ സഹോദരൻ പ്രവീണിനെ വാളുകൊണ്ട് വെട്ടിയെന്നാണ് ദൃക്‌സാക്ഷികൾ മൊഴി നൽകിയത്. പ്രജിലിന്റെ മാംസഭാഗങ്ങൾ സുജിത്തിന്റെ നഖത്തിനടിയിൽ നിന്നു കണ്ടെത്തിയെന്ന ശാസ്ത്രീയ റിപ്പോർട്ടും പൊലീസ് ഹാജരാക്കിയിരുന്നു. സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ സമ്മർദ്ദത്താലാണ് സുജിത്തിനെ കേസിൽപ്പെടുത്തിയതെന്നാണ് അഭിഭാഷകർ വാദിച്ചത്. അഡ്വ. കല്ലൂർ കൈലാസ് നാഥ്, അഡ്വ. ആർ.എസ്. പ്രശാന്ത് എന്നിവർ സുജിത്തിനുവേണ്ടി ഹാജരായി.