photo
കേരള മഹിളാ സംഘം ജില്ലാ പഠന ക്യാമ്പ് കരുനാഗപ്പള്ളിയിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: സ്ത്രീകൾക്ക് നേരേയുള്ള അതിക്രമങ്ങൾക്കെതിരെ പൊതു സമൂഹം ശക്തമായ പ്രതിരോധ നിര തീർക്കണമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി ആവശ്യപ്പെട്ടു. കേരള മഹിളാ സംഘം കൊല്ലം ജില്ലാ പഠന ക്യാമ്പ് കരുനാഗപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീ വിരുദ്ധ സമീപനത്തെ എതിർക്കാനും ശക്തമായി പ്രതികരിക്കാനും നമ്മുക്ക് കഴിയണം. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൈവരിക്കാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു. മഹിളാ സംഘത്തിന്റെ മുൻ ജില്ലാ കമ്മിറ്റി അംഗം പി.രാജമ്മ പതാക ഉയർത്തിയതോടെ പഠന ക്യാമ്പിന് തുടക്കമായി. കേരള മഹിളാ സംഘം സംസ്ഥാന ജോ.സെക്രട്ടറിയും സ്വാഗതസംഘം ചെയർമാനുമായ വിജയമ്മ ലാലി ക്യാമ്പിൽ അദ്ധ്യക്ഷയായി. കേരള മഹിളാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി ബഞ്ചമിൻ സംസാരിച്ചു. .മഹിളാ സംഘം ജില്ലാ പ്രസിഡന്റ് കെ.ജഗദമ്മ ക്യാമ്പിന്റെ ലീഡറായി പ്രവർത്തിച്ചു. മഹിളാ സംഘത്തിന്റെ ചരിത്രം എന്ന വിഷയത്തിൽ കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.വസന്തവും ആനുകാലിക രാഷ്ട്രീയം എന്ന വിഷയത്തിൽ മുൻ മന്ത്രി മുല്ലക്കര രത്നാകരനും സംഘടന എന്ന വിഷയത്തിൽ സംസ്ഥാന മഹിളാ സംഘം സെക്രട്ടറി ഇ.എസ്.ബിജിമോളും എന്താണ് മാർക്സിസം ലെനിനിസം എന്ന വിഷയത്തിൽ ഡോ.ആർ ലതാദേവി എന്നിവർ ക്ലാസെടുത്തു. മഹിളാ സംഘം ജില്ലാ സെക്രട്ടറിയും സ്വാഗതസംഘം കൺവീനറുമായ അഡ്വ. എം.എസ്.താര സ്വാഗതവും മണ്ഡലം സെക്രട്ടറി ഷെർളി ശ്രീകുമാർ നന്ദിയും പറഞ്ഞു.