അമൃത വിശ്വവിദ്യാപീഠത്തിൽ ബിരുദദാനം
കൊല്ലം: സാങ്കേതിക വിദ്യ ദ്രുതഗതിയിൽ വളർന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ സാദ്ധ്യതകളെ എങ്ങനെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനാകുമെന്ന്ചിന്തിക്കണമെന്ന് ആയുഷ് നാഷണൽ റിസർച്ച് പ്രൊഫസറും യു.ജി.സി മുൻ വൈസ് ചെയർമാനുമായ പ്രൊഫ. ഭൂഷൺ പട്‌വർദ്ധൻ പറഞ്ഞു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ 27-ാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരക്കേറിയ ഇന്നത്തെ കാലത്ത് പെട്ടെന്നുള്ള റിസൾട്ടിനാണ് എല്ലാവരും പരിശ്രമിക്കുന്നത്. എന്നാൽ ആഴത്തിലുള്ള പഠനങ്ങൾ ഏറെ പ്രധാന്യമുള്ളതാണെന്ന കാര്യം നാം മറക്കരുത്. വ്യക്തിപരമായ നേട്ടങ്ങൾക്കുപരിയായി കൂട്ടായ നേട്ടങ്ങളാണ് ഓരോരുത്തരും ലക്ഷ്യമിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ പ്രതീക്ഷ വിദ്യാർത്ഥികളിൽ അർപ്പിതമാണെന്ന് ചടങ്ങിൽ നൽകിയ വീഡിയോ സന്ദേശത്തിൽ മാതാ അമൃതാനന്ദമയി പറഞ്ഞു. പഠിച്ച കാര്യങ്ങൾ പ്രവൃത്തിപഥത്തിൽ കൊണ്ടു വരാനുള്ള അമൂല്യമായ അവസരങ്ങൾ ആരും കാണാതെ പോകരുത്. സ്വന്തം ആവശ്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കാതെ ലോക നൻമയ്ക്കായി നമുക്ക് എന്തു ചെയ്യാൻ കഴിയും എന്നു കൂടി ചിന്തിക്കണമെന്നും അമൃത വിശ്വവിദ്യാപീഠം ചാൻസലർ കൂടിയായ മാതാ അമൃതാനന്ദമയി പറഞ്ഞു. വിപ്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും എക്‌സിക്യുട്ടീവ് ബോർഡ് അംഗവുമായ സഞ്ജീവ് ജെയിൻ വിശിഷ്ടാതിഥിയായി. സ്വാമിനി കൃഷ്ണാമൃത പ്രാണ അനുഗ്രഹപ്രഭാഷണം നടത്തി. അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റ് ഡോ.മനീഷ വി.രമേഷ്, രജിസ്ട്രാർ ഡോ.കെ. ശങ്കരൻ, സ്‌കൂൾ ഒഫ് എൻജിനീയറിംഗ് ഡീൻ ഡോ. ബാലകൃഷ്ണൻ ശങ്കർ, ലൈഫ് സയൻസസ് ഡീൻ ഡോ. ബിപിൻ നായർ, ഫിസിക്കൽ സയൻസസ് ഡീൻ ഡോ.ഗീത കുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് വിശിഷ്ടാതിഥികൾ ചേർന്ന് ബിരുദങ്ങൾ സമ്മാനിച്ചു. എഹെഡ് ഓൺലൈൻ വിഭാഗത്തിൽ 403 പേരാണ് ബിരുദം ഏറ്റുവാങ്ങിയത്. 24 പേർക്ക് പിഎച്ച്.ഡി ബിരുദങ്ങളും സമ്മാനിച്ചു. ആകെ 2167 വിദ്യാർത്ഥികൾക്കാണ് ബിരുദം നൽകിയത്.