കൊല്ലം: മുക്കുപണ്ടം പണയം വച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നു പണം തട്ടിയെടുക്കാൻ ശ്രമിച്ച സഹോദരിമാർ പിടിയിൽ. ആലുംമൂട് ചെറിയേല ചരുവിളവീട്ടിൽ ഗീത (43), ഗിരിജ (42) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 3.45 ന് പുന്തലത്താഴത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്.
916 മുദ്ര പതിപ്പിച്ച 13 ഗ്രാം വരുന്ന മുക്കുപണ്ടം പണയം വയ്ക്കാനാണ് ഇരുവരുമെത്തിയത്. സംശയം തോന്നി സ്ഥാപനത്തിലെ ജീവനക്കാർ നടത്തിയ പരിശോധനയിൽ 916 മുദ്ര പതിപ്പിച്ച സ്വർണ്ണ തകിട് വിളക്കി ചേർത്തതാണെന്ന് മനസിലായി. പരാതിയുടെ അടിസ്ഥാനത്തിൽ ഇരവിപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നിർദ്ദേശ പ്രകാരം എസ്.ഐ ജയേഷിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ രാജേശ്വരി, അമ്പു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.