കൊല്ലം: ദേശീയപാതാ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എത്തിച്ച ജെ.സി.ബിയുടെ ബക്കറ്റ് മോഷ്ടിച്ച സംഭവത്തിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ. കൊല്ലം ആശ്രാമം കാവടിപ്പുറത്ത് പുത്തൻവീട്ടിൽ നിന്നും പനയം വില്ലേജിൽ നടുവിലക്കര കണ്ടച്ചിറ ആയക്കുന്ന് പടിഞ്ഞറ്റതിൽവീട്ടിൽ താമസിക്കുന്ന പ്രിൻസ് (34) ആണ് ചവറ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 18 ന് നീണ്ടകര ചീലാന്തിമുക്കിന് സമീപം അറ്റകുറ്റപ്പണികൾക്കായി ഊരി വച്ചിരുന്ന, 40,000 രൂപവരുന്ന ബക്കറ്റണ് മോഷ്ടിച്ചത്. ചവറ പൊലീസ് നടത്തിയ അന്വേഷണത്തിൽ, ബക്കറ്റ് വാങ്ങിയ മൂന്നുപേരെ ആദ്യം അറസ്റ്റ് ചെയ്തു. വിവരമറിഞ്ഞ് ഒളിവിൽ പോയ പ്രിൻസിനെ കുറിച്ച് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ചവറ ഇൻസ്പെക്ടർ സി.ആർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ അനീഷ് എസ്.സി.പി.ഒ മാരായ സീനു, മനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.