കൊല്ലം: എൻ.എസ് ആയുർവേദ ആശുപത്രിയിൽ സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നാളെ നടക്കും. രാവിലെ 9 മുതൽ ഒന്നുവരെ നടക്കുന്ന ക്യാമ്പ് ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കായചികിത്സ (ജനറൽ മെഡിസിൻ), ശല്യതന്ത്ര വിഭാഗം (ഓർത്തോ പീഡിക്സ്), പ്രസൂതിതന്ത്ര, സ്ത്രീരോഗ വിഭാഗം (ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി), ശാലക്യതന്ത്ര വിഭാഗം (കണ്ണ്, ഇ.എൻ.ടി.), യോഗ ആൻഡ് നാച്ചുറോപ്പതി വിഭാഗം എന്നീ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ നേതൃത്തിൽ നടക്കുന്ന ക്യാമ്പിന് മുൻ ജില്ലാ ആയുർവേദ മെഡിക്കൽ സൂപ്രണ്ടും ആശുപത്രി മെഡിക്കൽ സൂപ്രണ്ടുമായ ഡോ.വി.കെ.ശശികുമാർ, ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ മുൻ ഡയറക്ടറും ആശുപത്രി ചീഫ് കൺസൾട്ടന്റുമായ ഡോ.എം.ആർ. വാസുദേവൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകും. വൈദ്യപരിശോധനയും മരുന്ന് വിതരണവും സൗജന്യമാണ്. ആദ്യം രജിസ്റ്റർ ചെയ്ത 100 പേർക്ക് ആയിരം രൂപ ചെലവ് വരുന്ന അസ്ഥി സാന്ദ്രത (ബോൺ മിനറൽ ഡെൻസിറ്റി) പരിശോധന, ശരീരത്തിലെ കൊഴുപ്പ് തിരിച്ചറിയാനുള്ള (ബോഡി ഫാറ്റ് അനലൈസിംഗ്) പരിശോധന, രക്തത്തിലെ ഗ്ലൂക്കോസ് (ബ്ലഡ് ഷുഗർ) പരിശോധന എന്നിവയും സൗജന്യമാണ്.