photo
പോരുവഴി ഇടയ്ക്കാട് തെക്ക് പാലക്കുന്നത്ത് പൊടിയന്റെ കൃഷിയിടത്തിലെ മരച്ചീനി പന്നികൾ കുത്തി നശിപ്പിച്ച നിലയിൽ

പോരുവഴി : പോരുവഴി ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ പന്നിശല്യം രൂക്ഷം. കഴിഞ്ഞ കുറേ നാളുകളായി നാട്ടുകാരുടെ വാഴ,മരച്ചീനി, ചേമ്പ് ,ചേന മറ്റ് കൃഷികളെല്ലാം നശിപ്പിക്കുകയാണ്. കൂടാതെ മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ഇടയ്ക്കാട് തെക്ക് പാലക്കുന്നത്ത് പൊടിയന്റെ

കൃഷിയിടത്തിലെ മരച്ചീനിയെല്ലാം ചുവടോടെ കുത്തിയിളക്കി നശിപ്പിച്ചു.

കൊല്ലാൻ ആളുവന്നു, തിരികെ പോയി

കർഷകർ നിരന്തരം പഞ്ചായത്തിൽ പരാതി കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷം കേരള കർഷക സഘത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് മാർച്ചു നടത്തി. പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകിയതിന്റെയും കർഷകരുടെ പരാതിയെയും തുടർന്ന് മാവേലിക്കരയിലുള്ള ഒരു വെടിവെപ്പുകാരനെ വിളിച്ച് ആളുകളെ കാണിച്ച ശേഷം തിരിച്ചയച്ചു. ഒരു പന്നിയെ പോലും വെടി വെക്കാനൊ ,കൊല്ലാനെ ഇതുവരെയും സാധിച്ചിട്ടില്ല. ഇതിനെതിരെ കേരള കർഷക സംഘം പോരുവഴി മേഖലാ കമിറ്റിയുടെ നേതൃത്വത്തിൽ കർഷകരെ സംഘടിപ്പിച്ചു കൊണ്ട് 3ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചിരിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.

7-ാം വാർഡിലെ കൃഷിയിടങ്ങളിലെല്ലാം പന്നികൾ വലിയ നാശം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. എത്രയും വേഗം ഇതിന് പരിഹാരം ഉണ്ടാക്കണമെന്ന് പഞ്ചായത്തിൽ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. .

ശ്രീതാ സുനിൽ

7-ാം വാർഡ് മെമ്പർ

എന്റെ വയലിലെ വാഴകൾ കുത്തി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. മനുഷ്യരെയും വയലിൽ വച്ച് ആക്രമിക്കാൻ ശ്രമിക്കുകയും കഴിഞ്ഞ വർഷം കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

അജികുമാർ

ചിറയിൽ വീട്

കർഷകൻ

എന്റെ പുരയിടത്തിലെ മരച്ചീനി മൊത്തവും നശിപ്പിച്ചിട്ടിരിക്കുകയാണ്. വളരെ കഷ്ടപ്പെട്ട് പൈസാ മുടക്കിയാണ് മരച്ചീനി നട്ടത്. പഞ്ചായത്തിൽ പല തവണ പരാതി കൊടുത്തതാണ്, ഫലമുണ്ടായില്ല

സുരേന്ദ്രൻപിള്ള

കർഷകൻ