110 വർഷത്തെ പെരുമയിൽ ഒരു വായനശാല
ഏങ്ങണ്ടിയൂർ: പകർന്ന വിജ്ഞാനത്തിന്റെ മഹിമയാൽ നൂറ്റിപ്പത്ത് വർഷമായി തലയുയർത്തി നിൽക്കുകയാണ് സി.കൃഷ്ണവിലാസം വായനശാല. പുരാതന വൈദ്യശാസ്ത്രങ്ങളും, താളിയോലകളും, വേദോപനിഷത്തുകളും, സർവ വിജ്ഞാനകോശവും ഉൾപ്പെടെ 16,000 ൽപരം പുസ്തകങ്ങൾ അഞ്ച് ഭാഷകളിലായുള്ള റഫറൻസ് ഗ്രന്ഥങ്ങൾ ഈ മഹിമയ്ക്ക് തിളക്കമേറ്റുന്നു. ശ്രീനാരായണ ഗുരുവിന്റെ ആശീർവാദത്തിൽ 1914ൽ ഏങ്ങണ്ടിയൂർ യുവജന സമാജത്തിന്റെ മുഖ്യപ്രവർത്തകനായിരുന്ന ബ്രാത.വി.കെ.വേലുക്കുട്ടി മാസ്റ്ററും സഹപ്രവർത്തകരും ചേർന്ന് മിതവാദി സി.കൃഷ്ണൻ വക്കീലിന്റെ നാമധേയത്തിലാണ് വായനശാല സ്ഥാപിച്ചത്.
പിന്നീട് അയിത്താചാരത്തിനെതിരെയുള്ള പ്രവർത്തനം, പന്തിഭോജനം, ജന്തു ബലിക്കെതിരെയുള്ള പ്രവർത്തനം, മിശ്രവിവാഹം തുടങ്ങിയ വിപ്ലവകരമായ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചു. പ്രായമായ പെൺകുട്ടികൾക്കും വൃദ്ധജനങ്ങൾക്കും അക്ഷരം പകർന്നു നൽകി. പാലക്കാട് സൊസൈറ്റിസ് രജിസ്‌ട്രേഷൻ ആക്ട് അനുസരിച്ച് 1928ൽ രജിസ്റ്റർ ചെയ്തു. ഇന്ന് ചാവക്കാട് താലൂക്ക് റഫറൻസ് ലൈബ്രറിയായി പ്രവർത്തിക്കുന്നു. ഏങ്ങണ്ടിയൂർ തിരുമംഗലം യു.പി.സ്‌കൂളിന് സമീപമുള്ള ഏഴ് സെന്റ് സ്ഥലത്താണ് പ്രവർത്തനം. പി.ആർ.രാജൻ, സി.കെ.ചന്ദ്രപ്പൻ എന്നീ ജനപ്രതിനിധികളുടെ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിലാണ് പ്രവർത്തനം. മോഹൻ പി. കടവിൽ പ്രസിഡന്റും പി.രമേശൻ നായർ സെക്രട്ടറിയുമായ 11പേർ ഉൾക്കൊള്ളുന്ന നിർവാഹക സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 2.30 മുതൽ 5.30 വരെയാണ് പ്രവർത്തന സമയം.
തീരദേശത്തിന്റെ മേൽവിലാസം
പാലക്കാട് സൊസൈറ്റിസ് രജിസ്‌ട്രേഷൻ ആക്ട് 1860 അനുസരിച്ച് 1928ൽ രജിസ്ട്രേഷൻ
1956 ൽ പാലക്കാട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന മലബാർ ലോക്കൽ അതോറിറ്റിക്ക് (എൽ.എൽ.എ) കീഴിൽ
1970 ന് ശേഷം എൽ.എൽ.എയുടെ സാമ്പത്തിക സ്ഥിതി മോശം
1977ൽ ലൈബ്രറി പുനരുദ്ധാരണ കമ്മിറ്റി
പിന്നാലെ വായനശാലയ്ക്ക് 10 സെന്റ് ഭൂമി , ലക്ഷം ഫണ്ട് പദ്ധതി രൂപീകരിച്ച് വികസനം
1978ൽ ലൈബ്രറി വികസന സമിതി
1998 ൽ സംസ്ഥാന ലൈബ്രറി കൗൺസിലിന് കീഴിൽ
2000ൽ ജില്ലാ ലൈബ്രറി കൗൺസിലിന് കീഴിൽ
സാമൂഹിക ഇടപെടലിലും മുന്നിൽ
ആറ് വർഷമായി യുവജനവേദിയുടെ നേതൃത്വത്തിൽ എച്ച് ടു ഒ ഹെൽപിംഗ് ഹാൻസ് ഓർഗനൈസേഷൻ എന്ന സാന്ത്വന പരിചരണ സംഘടന
ബാലവേദിയുടെ നേതൃത്വത്തിൽ സ്റ്റുഡൻസ് കോർണർ
വനിതാവേദിയുടെ കീഴിൽ സ്ത്രീകൾക്ക് സ്വയം തൊഴിൽ പരിശീലനം
കലാകായിക പരിശീലനം