വടക്കാഞ്ചേരി : വയനാട് ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങൾ ഉരുൾപൊട്ടലിനെ തുടർന്ന് തുടച്ചുനീക്കപ്പെട്ടതിന്റെ നൊമ്പര നെരിപ്പോടിൽ കഴിയുമ്പോൾ വടക്കാഞ്ചേരിക്കും ഇത് സങ്കടമടങ്ങാത്ത ദുരന്തമാസം. കുറാഞ്ചേരി മണ്ണിടിച്ചിലെന്ന ആ കറുത്ത ദിനത്തിന് ഇപ്പോൾ ആറ് വയസ് . 2018ലെ സ്വാതന്ത്ര്യദിനവും ആഘോഷിച്ച് ഉറങ്ങാൻ കിടന്നവർ 16ലെ പ്രഭാതത്തിൽ ഒരിക്കലും ഉണരാത്ത ഉറക്കത്തിലകപ്പെട്ടത് ഇന്നും നാടിനെ പേടിപ്പെടുത്തുന്ന ഓർമ്മ.

കുറാഞ്ചേരി മല ഒന്നാകെ ഇടിഞ്ഞുവീണ് കണ്ണീരോർമ്മയായത് കുട്ടികളുൾപ്പെടെ 19 പേരാണ്. മുണ്ടംപ്ലാക്കൽ ജെൻസൻ, ഭാര്യ സുമിത, മക്കളായ മോസസ്, ഫെനോക്ക്, യാഫത്ത്, ജെൻസന്റെ സഹോദരൻ ഷാജി, കന്നുകുഴിയിൽ മോഹനൻ, മോഹനന്റെ ഭാര്യ ആശ, മക്കളായ അമൽ, അഖിൽ, പാറേക്കാട്ടിൽ റോസിലി, എയ്ഞ്ചൽ, കൊല്ലംകുന്നേൽ മാത്യു, ഭാര്യ റോസ, പാലക്കാട് കണക്കുംതുരുത്തി കളപ്പുരക്കൽ ഫ്രാൻസിസ്, ഭാര്യ സാലി, കണ്ണാറ ബിനോജിന്റെ ഭാര്യ സൗമ്യ, മക്കളായ മിൽന, മെറിൻ എന്നിവരാണ് മരിച്ചത്.

നാല് വീടുകൾ പൂർണ്ണമായും തകർന്നു. നിരവധി വാഹനങ്ങൾ മണ്ണിനടിയിൽപെട്ടു . മല മീറ്ററുകളോളം താഴേക്ക് കുതിച്ചുപാഞ്ഞെത്തി സംസ്ഥാന പാതയും പിന്നിട്ട് റെയിൽ പാളം വരെയെത്തി. ദിവസങ്ങളോളം റോഡ് റെയിൽ ഗതാഗതം തടസപ്പെട്ടു. അമ്പതോളം മണ്ണ് മാന്തി യന്ത്രങ്ങൾ രാവും, പകലും പണിയെടുത്താണ് നൂറ് കണക്കിന് ലോഡ് മണ്ണ് നീക്കം ചെയ്തത്. നിരവധി വൈദ്യുതി പോസ്റ്റുകൾ മണ്ണിനടിയിൽപെട്ടു. പലവിധ നിയമതടസങ്ങൾ മൂലം സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിനായി ഇനിയും കാത്തിരിക്കുന്നവരുണ്ട്. ചിലർക്ക്

ബന്ധം തെളിയിക്കാനുള്ള രേഖകൾ സമർപ്പിക്കാനാകാത്തതിനാലാണ് ധനസഹായം ലഭിക്കാഞ്ഞത്. നഗരസഭയുടെ നേതൃത്വത്തിൽ സംസ്ഥാന പാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിച്ചെങ്കിലും ഇവിടെ ബസൊന്നും നിറുത്തില്ല. കുറാഞ്ചേരി സെന്ററിലെ നാലും കൂടിയ ജംഗ്ഷനിലാണ് ഇപ്പോഴും ബസ് കാത്ത് നിൽക്കുന്നത്. ആറാം വാർഷിക ദിനത്തിൽ കുറാഞ്ചേരി സെന്ററിൽ 19പേരുടെയും ചിത്രങ്ങൾക്ക് മുന്നിൽ പുഷ്പാർച്ചനയും, ദീപം തെളിക്കലും നടക്കും. തെക്കുംകര പഞ്ചായത്തും, വടക്കാഞ്ചേരി നഗരസഭയും സംയുക്തമായി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും.