വടക്കാഞ്ചേരി: കഴിഞ്ഞദിവസങ്ങളിൽ വടക്കാഞ്ചേരിയിലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണം വാഴാനി ഡാമിൽ നിന്ന് വലിയ തോതിൽ വെള്ളം തുറന്നുവിട്ടതിനാലെന്ന് നിഗമനം. ഡാമിലെ വെള്ളത്തിനൊപ്പം കനത്ത മഴയും വലിയ തിരിച്ചടിയായി. 62.48 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ 61.87 മീറ്റർ വെള്ളമെത്തിയതോടെ നിയന്ത്രണം പാളി. നാല് ഷട്ടറുകൾ 110 സെന്റിമീറ്റർ വീതം തുറന്നതോടെ വാഴാനിപ്പുഴയിലേക്ക് ഒഴുകിയെത്തിയത് 440 സെന്റിമീറ്റർ ഉയരത്തിൽ വെള്ളമാണ്. ഇതോടെ വടക്കാഞ്ചേരി പട്ടണത്തിലൂടെ ഒഴുകുന്ന പുഴ കരകവിഞ്ഞ് 2018 ന് സമാന വെള്ളപ്പൊക്കമുണ്ടായി. ഒട്ടേറെ വ്യാപാരസ്ഥാപനങ്ങൾ, ആശുപത്രികൾ, വീടുകൾ വെള്ളത്തിലായി. കോടികളുടെ നഷ്ടമാണ് സംഭവിച്ചത്.
10 ദുരിതാശ്വാസ ക്യാമ്പുകൾ
നിയോജകമണ്ഡലത്തിൽ 10 ദുരിതാശ്വാസ ക്യാമ്പുകളുള്ളതായി ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ചേർന്ന യോഗത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു. വടക്കാഞ്ചേരിയിലും കുറാഞ്ചേരിയിലും ഇടിഞ്ഞ മണ്ണ് അടിയന്തിരമായി നീക്കും. വാഴാനി, പത്താഴക്കുണ്ട്, പീച്ചി, പൂമല ഡാമുകളിൽ നിന്നുള്ള ജലത്തിന്റെ ഒഴുക്കിന് തടസമായവ മാറ്റും. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി ഹോട്‌സ്‌പോട്ടായി പ്രഖ്യാപിക്കും. അകമല മുതൽ ഭരണിപ്പച്ച വരെയുള്ള വനമേഖലയിൽ നിന്നും അധികജലം ഒഴുകിയെത്തിയത് പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കും. നഗരസഭാ ചെയർമാൻ പി.എൻ.സുരേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി.സുനിൽകുമാർ, കെ.കെ.ഉഷാദേവി, തങ്കമണി ശങ്കുണ്ണി, ലക്ഷ്മി വിശ്വംഭരൻ, ബൈജു ദേവസി, സിമി അജിത്കുമാർ, വി.കെ.രാഘുനാഥൻ എന്നിവർ പങ്കെടുത്തു.