തൃശൂർ: വയനാട്ടിൽ രക്ഷാപ്രവർത്തിന് തൃശൂരിൽ നിന്ന് 10 ആംബുലൻസുകൾ പുറപ്പെട്ടു. ആംബുലൻസ് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസേസിയേഷന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയ ആംബുലൻസുകളാണ് ഇന്നലെ പോയത്. ഓരോ ആംബുലൻസിലും രണ്ടുവീതം ഡ്രൈവർമാരും ഫ്രീസർ, ജനറേറ്റർ സൗകര്യങ്ങളുമുണ്ട്.
കളക്ടർ അർജുൻ പാണ്ഡ്യൻ യാത്രയയപ്പ് നൽകി. തൃശൂരിലെ പൂരപ്രേമി സംഘം ആംബുലൻസ് ഡ്രൈവർമാർക്ക് യാത്രാച്ചെലവിന് 10,000 രൂപ കൈമാറി. എ.ഡി.എം: ടി. മുരളി, കളക്ഷൻ സെന്റർ നോഡൽ ഓഫീസറായ ഡെപ്യൂട്ടി കളക്ടർ രോഹിത് നന്ദകുമാർ എന്നിവർ പങ്കെടുത്തു. ജില്ലയിലെ സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്നും സമാഹരിച്ച വിവിധ സാധനങ്ങളുമായി ആറു വാഹനങ്ങളും പോയിരുന്നു. ഫോറൻസിക് സർജന്മാരും സർജന്മാരും അടങ്ങുന്ന സംഘത്തേയും ഫയർ സർവീസിന്റെ 50 സിവിൽ ഡിഫൻസ് വൊളണ്ടിയർമാരെയും വയനാട്ടിലേക്ക് അയച്ചിരുന്നു.