വടക്കാഞ്ചരി: അകമലയിൽ ഭൂമിയുടെ കിടപ്പ് ഏറെ അപകടം നിറഞ്ഞതാണെന്ന് വിദഗ്ദ്ധ സംഘം. പരമാവധി 22 ഡിഗ്രി വരെയാണ് അപകടമില്ലാത്ത അവസ്ഥ. എന്നാൽ ഇവിടെ 39 ഡിഗ്രി വരെ ചെരിഞ്ഞാണ് ഭൂമിയുടെ കിടപ്പ്. ഇതിനിടെയാണ് അശാസ്ത്രീയ റബർകൃഷി. ചെരിവുള്ളിടങ്ങളിൽ മഴക്കുഴികൾ പാടില്ലെന്ന നിർദ്ദേശം പാലിക്കാതെയാണ് നിർമ്മാണം.
തടമില്ലാത്തതിനാൽ വലിയതോതിൽ മഴവെള്ളം കുന്നിൻ മുകളിൽ ശേഖരിക്കപ്പെടുകയാണ്. കടുത്ത മർദ്ദം മൂലം ഇതൊന്നാകെ തള്ളി പുറത്തേക്ക് വന്ന് വലിയ ഉരുൾ പൊട്ടലിന് സാദ്ധ്യതയുണ്ട്. കുന്നിൻ മുകളിൽ മൂന്ന് കിണറുകളുമുണ്ട്. വെള്ളം നിറഞ്ഞുകിടക്കുന്ന കിണറുകളും അപകടഭീഷണിയാണ്. ഇത് തകർന്ന് താഴെ എത്താൻ സാദ്ധ്യതയുണ്ട്.
മേൽമണ്ണ് രണ്ടു മുതൽ 7 മീറ്റർ വരെ കനമുള്ളതാണെന്നതും ദുരന്തസാദ്ധ്യത ഇരട്ടിപ്പിക്കുന്നു. ഇതിനകം തന്നെ ഭൂമിയെ ദുർബലാവസ്ഥയിലാക്കി മൂന്ന് സ്ഥലത്ത് മണ്ണിടിഞ്ഞിട്ടുണ്ട്. മണ്ണിടിച്ചാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. പ്രവർത്തനങ്ങൾ അശാസ്ത്രീയമാണെന്നും വാസയോഗ്യമല്ല പ്രദേശമെന്നുമാണ് വിദഗ്ദ്ധസംഘത്തിന്റെ അഭിപ്രായം.