ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് രൂക്ഷമായി. വെള്ളം കയറി വിവധ റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. കരുവന്നൂർ മൂർക്കനാട് സെന്ററിൽ നിന്നും കാറളത്തേയ്ക്കുള്ള റോഡ് വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കാറളം കരാഞ്ചിറ റോഡിലും സമാന രീതിയിൽ റോഡിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. കരുവന്നൂർ പുത്തൻതോട് പാലത്തിൽ കെ.എൽ.ഡി.സി കനാലിൽ വലിയ തോതിൽ ചണ്ടി വന്നടിഞ്ഞത് കനാലിലെ ഒഴുക്ക് തടസ്സപ്പെടുത്തി. ഇത് മൂലം കെ.എൽ.ഡി.സി കനാലിലെ ഒഴുക്ക് തടസപ്പെടുകയും സമീപ പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തു. ഹിറ്റാച്ചി യന്ത്രം ഉപയോഗിച്ച് ചണ്ടി നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് നാട്ടുകാരും ഉദ്യോഗസ്ഥരും. കനാലിലേയ്ക്ക് വീഴാറായി നിൽക്കുന്ന മരങ്ങളും മുറിച്ച് മാറ്റുന്നുണ്ട്. കരുവന്നൂർ പുഴയുടെയും കനോലി കനാലിന്റെയും തീരപ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ 1, 2, 41, 6, 7, 13 വാർഡുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. മൂർക്കനാട് സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ കൂടുതൽ കുടുംബങ്ങൾ എത്തിയിട്ടുണ്ട്. നിരവധി കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് മാറിയിട്ടുണ്ട്. പൊറത്തിശ്ശേരി റബ്ബർ എസ്റ്റേറ്റ് റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് സമീപത്തുള്ള വീട്ടുകാരോട് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കാറളം പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. കാറളം എ.എൽ.പി.എസ് സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ 85 പേരും കാറളം വി.എച്ച്.എസ്.എസ് സ്‌കൂളിൽ ആരംഭിച്ച ക്യാമ്പിൽ 24 പേരും താണിശ്ശേരി ഡോളേഴ്‌സ് സ്‌കൂളിൽ ആരംഭിച്ച ക്യാമ്പിൽ 12 പേരുമാണുള്ളത്. വെള്ളം കയറിയതോടെ നന്തി-കരാഞ്ചിറ റൂട്ടിലും മൂർക്കനാട്-കാറളം റൂട്ടിലെയും ഗതാഗതം നിറുത്തിവച്ചു. കാട്ടൂർ പഞ്ചായത്തിലും വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. കരാഞ്ചിറ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിൽ ആരംഭിച്ച ക്യാമ്പിൽ 14 കുടുംബങ്ങളിൽ നിന്നായി 40 പേർ എത്തിയിട്ടുണ്ട്. മുരിയാട് പഞ്ചായത്തിൽ ആനുരുളിയിൽ നിന്നുള്ള ഒരു കുടുംബത്തിൽ നിന്നുള്ള മൂന്ന് പേരെ അയ്യങ്കാളി സംസ്‌കാരിക നിലയത്തിലെ ക്യാമ്പിൽ ആക്കിയിട്ടുണ്ട്. ആളൂർ പഞ്ചായത്തിൽ ഫാത്തിമ മാതാ സ്‌കൂളിലെ ക്യാമ്പിൽ എഴ് കുടുംബങ്ങളിൽ നിന്നായി 16 പേരാണുള്ളത്. പടിയൂർ, വേളൂക്കര, പൂമംഗലം പഞ്ചായത്തുകളിൽ ക്യാമ്പുകൾ തുടങ്ങേണ്ട സാഹചര്യം ഉടലെടുത്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.