മാള : വിതരണം ചെയ്ത വെള്ളത്തിന്റെ തുക നൽകാത്തതിനാൽ മൂന്ന് പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം നിറുത്തി ജല അതോറിറ്റി . മാള, അന്നമനട, കൂഴൂർ എന്നീ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് ഇന്നലെ രാവിലെ 6 മുതൽ ജല അതോറിറ്റി നിറുത്തിയത്. ജല അതോറിറ്റി ജോയിന്റ് എം.ഡിയുമായി ഉണ്ടാക്കിയ ധാരണപ്രകാരം പഴയ കുടിശിക നിലനിറുത്തി അതാതു മാസങ്ങളിലെ ബില്ലിന്റെ പകുതിയെങ്കിലും അടയ്ക്കാമെന്ന ധാരണയിലാണ് കഴിഞ്ഞമാസം നിറുത്തിവച്ച വിതരണം വീണ്ടും പുനരാരംഭിച്ചിരുന്നത്. പുത്തൻചിറ, വെള്ളാങ്ങല്ലൂർ, പൊയ്യ പഞ്ചായത്തുകൾ ധാരണപ്രകാരം ബില്ലടച്ചത് കൊണ്ട് അവർക്കുള്ള വിതരണം പതിവുപോലെ നടക്കുന്നുണ്ട്.

കുടിശിക കൂടുതൽ മാളയിൽ

മാള പഞ്ചായത്താണ് ഏറ്റവും കൂടുതൽ സംഖ്യ കുടിശിക നൽകാനുള്ളത്. അഞ്ചു കോടി 80 ലക്ഷത്തി 143 രൂപയാണ് മാള പഞ്ചായത്തിന്റെ കുടിശിക. ഇത് നിലനിറുത്തി അതാതു മാസങ്ങളിൽ വരുന്ന ബില്ലിന്റെ പകുതിയെങ്കിലും അടയ്ക്കാമെന്ന ധാരണയാണ് പഞ്ചായത്ത് തെറ്റിച്ചത്. ജൂൺ മാസത്തിലെ വെള്ളത്തിന്റെ ബില്ല് മാത്രം 15 ലക്ഷത്തിൽ പരം രൂപ വരും. ഇതിന്റെ പകുതി സംഖ്യ അടയ്ക്കണം എന്ന് പലപ്രാവശ്യം പഞ്ചായത്തിന് നോട്ടീസ് കൊടുത്തെങ്കിലും അടയ്ക്കാത്തതിനെത്തുടർന്നാണ് വെള്ള വിതരണം ജല അതോറിറ്റി നിറുത്തിയത്.