പാവറട്ടി: കോൾ പാടത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന മണലൂർ മണ്ഡലത്തിലെ പ്രഥമ അംബേദ്ക്കർ മാതൃകാ മതുക്കര ഗ്രാമം ഒറ്റപ്പെട്ടു. പരപ്പുഴ കടാംന്തോട് പുഴ നിറഞ്ഞ് കവിഞ്ഞു. മുല്ലശ്ശേരി പഞ്ചായത്ത് എട്ടാം വാർഡിലെ 115 കുടുംബങ്ങൾ താമസിക്കുന്ന മതുക്കര ഗ്രാമത്തിലെ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. അത്യാവശ്യഘട്ടങ്ങളിൽ അഞ്ചു കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്.നാല് കുടുംബങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചു. പ്രദേശത്ത് സഞ്ചാര സൗകര്യത്തിന് അടിയന്തിരമായി വഞ്ചി ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മഴക്കെടുതി അനുഭവിക്കുന്ന വീടുകൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സത്യൻ, നിഷ സുരേഷ്, ദിൽന ധനേഷ് എന്നിവർ സന്ദർശിച്ചു.