പനംകുളം ഡി.എം.എൽ.പി സ്‌കൂളിലെത്തിയ പൊലീസിനോട് വാക് തർക്കത്തിലേർപ്പെട്ട ദുരിത ബാധിതർ.
ചേർപ്പ് : പനംകുളം ഡി.എം.എൽ.പി സ്‌കൂളിലെ ക്യാമ്പ് അംഗീകൃതമല്ലെന്ന് ചേർപ്പ് പഞ്ചായത്ത്, വില്ലേജ് അധികൃതർ. ഈ സ്‌കൂളിൽ കഴിയുന്നവരോട് ചേർപ്പ് ഗവ. ഹൈസ്‌കൂളിലെ സർക്കാർ അംഗീകൃത ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറണമെന്ന് പഞ്ചായത്ത് നിർദ്ദേശിച്ചെങ്കിലും അവർ തള്ളി. സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും സ്വന്തം ഉത്തരവാദിത്വത്തിൽ കഴിയേണ്ടി വരുമെന്നുമുള്ളതൊന്നും അവർ ചെവിക്കൊണ്ടില്ല. ഇറക്കിവിട്ടാൽ റോഡിലിരുന്ന് പ്രതിഷേധിക്കുമെന്നും സ്‌കൂളിലുള്ളവർ പറഞ്ഞു. ഇതിനിടെ സ്‌കൂളിലുള്ളവർക്ക് പിന്തുണയുമായി നാട്ടുകാർ രംഗത്തെത്തി. സർക്കാർ സഹായിച്ചില്ലെങ്കിൽ അവിടെ കഴിയുന്നവർക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും തങ്ങൾ എത്തിച്ചുനൽകുമെന്ന് മുൻ പഞ്ചായത്ത് അംഗം കെ.ആർ. സിദ്ധാർത്ഥൻ, അബ്ബാസ് കാരയിൽ, എം.എം. അബൂബക്കർ നസീർ, ഗിരീഷ് മണക്കുന്നത്ത്, കെ.ഐ. ദാസൻ, എ.ജി. മനോജ്, ഷംസു കരിപ്പാക്കുളം, ജലീൽ, ഇബ്രാഹിംകുട്ടി തുടങ്ങിയവർ അറിയിച്ചു. ചേർപ്പ് പൊലീസും സ്ഥലത്തെത്തിയിരുന്നു.