1

തൃശൂർ: ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മഴ കുറവാണെങ്കിലും ജാഗ്രത നിലനിറുത്തിയാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. കളക്ടറേറ്റിൽ ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ കാലവർഷവുമായി ബന്ധപ്പെട്ട സ്ഥിതികൾ വിലയിരുത്തി. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ അകമല മേഖലയിൽ മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രദേശവാസികളെ ബന്ധു വീടുകളിലേക്കും ക്യാമ്പുകളിലേക്കും മാറ്റി.

ചേലക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പാഞ്ഞാൾ പഞ്ചായത്തിൽ ഒലിപ്പാറക്കുന്നിൽ 42 ഓളം കുടുംബങ്ങൾ താമസിക്കുന്ന വീടുകളുടെ മുകൾവശത്തായി മണ്ണ് അടർന്നു വീണതിനാൽ കുടുംബങ്ങളെ മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. വടക്കാഞ്ചേരി ബസ് സ്റ്റാൻഡിനു സമീപം മണ്ണിടിച്ചിൽ അടിയന്തരമായി പരിശോധിക്കാൻ ജിയോളജിസ്റ്റിനു നിർദേശം നൽകി. കളക്ടർ അർജുൻ പാണ്ഡ്യൻ, പാഴൂർ, ചേർപ്പ്, പാറളം പഞ്ചായത്ത് പ്രസിഡന്റുമാർ, എം.ഡി.എം: ടി. മുരളി, അസി. കളക്ടർ അതുൽ സാഗർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.