വലപ്പാട്: ആർ.സി.എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ഐദാൻ മുഹമ്മദ് സ്വന്തം സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കൈയിൽ മൂന്ന് ക്യാഷ് ബോക്‌സുമായിട്ടായിരുന്നു ഐദാൻ പഞ്ചായത്തിലെത്തിയത്. മൂന്ന് വർഷമായി സ്വരുക്കൂട്ടി വെച്ച സമ്പാദ്യം കൊണ്ടാണെത്തിയത്. വയനാടിലെ പ്രിയ സഹോദരങ്ങൾക്കായാണ് പണം നൽകുന്നതെന്ന് ഏറെ സന്തോഷത്തോടെ ജനപ്രതിനിധികളോടും പഞ്ചായത്ത് സെക്രട്ടറിയോടും പറഞ്ഞു. കുടുക്ക പൊട്ടിച്ചപ്പോൾ 10,333 രൂപയാണ് കിട്ടിയത്. നാടിനും മാതാപിതാക്കൾക്കും അഭിമാനമാണ് ഐദാനെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക് പറഞ്ഞു.