1

തൃശൂർ : പൂങ്കുന്നം - ഗുരുവായൂർ റെയിൽവേ പാതയിൽ ചിറ്റാട്ടുകര ഭാഗത്തെ ട്രാക്കിൽ വെള്ളക്കെട്ട് പൂർണമായി ഒഴിയാത്തതിനെ തുടർന്ന് ഗുരുവായൂരിലേക്കുള്ള ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കാനായില്ല. ഇന്ന് വെള്ളക്കെട്ട് മാറിയാൽ ട്രയൽ റൺ നടത്തിയ ശേഷം ട്രെയിൻ സർവീസ് സാധാരണ നിലയിൽ നടത്തുമെന്ന് റെയിൽവേ അറിയിച്ചു. വെള്ളക്കെട്ടിനെ തുടർന്ന് ഇന്നലെ രാത്രിയും (16128) ഗുരുവായൂർ ചെന്നൈ എഗ്മൂർ എക്‌സ്പ്രസ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സർവീസ് നടത്തിയത്.
06445 ഗുരുവായൂർ തൃശൂർ, 06446 തൃശൂർ ഗുരുവായൂർ ട്രെയിനുകൾ ഇന്നും റദ്ദാക്കി. 06438 എറണാകുളം-ഗുരുവായൂർ ട്രെയിൻ ഇന്ന് തൃശൂർ വരെ സർവീസ് നടത്തും. 16609 തൃശൂർ കണ്ണൂർ പാസഞ്ചർ ഷൊർണൂരിൽ നിന്നാകും ഇന്ന് രാവിലെ 7.30ന് സർവീസ് തുടങ്ങുക. രാവിലെയുള്ള 16341 ഗുരുവായൂർ തിരുവനന്തപുരം (03.52), 16328 ഗുരുവായൂർ മധുര (06.20), ഉച്ചയ്ക്കുള്ള (01.57) 06447 ഗുരുവായൂർ എറണാകുളം എന്നീ ട്രെയിനുകൾ തൃശൂരിൽ നിന്നും സർവീസ് ആരംഭിക്കും.
രാവിലെയുള്ള (07.37) 06439 ഗുരുവായൂർ എറണാകുളം പാസഞ്ചർ പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സർവീസ് ആരംഭിക്കുക. പൂങ്കുന്നം ഗുരുവായൂർ ഒറ്റവരി പാതയിൽ ചിറ്റാട്ടുകരയിലെ രണ്ട് കിലോമീറ്ററോളം ഭാഗത്താണ് ട്രാക്കിൽ വെള്ളമുള്ളത്. പാടവും ചതുപ്പും നിറഞ്ഞ ഈ ഭാഗത്ത് വെള്ളം ട്രാക്കിലൂടെ ഇരുഭാഗത്തേക്കും ഒഴുകുകയാണ്. പാടത്തെ വെള്ളം കുറയാത്തതാണ് തിരിച്ചടി.