sakthan

തൃശൂർ: കോഴിക്കോട്-കണ്ണൂർ, എറണാകുളം-കൊടുങ്ങല്ലൂർ, പാലക്കാട് തുടങ്ങിയ മേഖലകളിൽ നിന്നുള്ള നൂറുകണക്കിന് ബസുകൾ മഴയിൽ വലിയകുഴികൾ കടന്ന് ചീറിപ്പാഞ്ഞെത്തുമ്പോൾ ശക്തൻ സ്റ്റാൻഡിലേക്കുള്ള റോഡിൽ അപകടം ഒഴിവാകുന്നത് തലനാരിഴയ്ക്ക്. കെ.എസ്.ആർ.ടി.സി ബസുകൾ നിറുത്തുന്നതും ഓട്ടോ പാർക്ക് ചെയ്യുന്നതുമെല്ലാം സ്റ്റാൻഡിന് മുന്നിലാണ്. രാവിലെയും വൈകിട്ടും ഓഫീസ് സമയത്ത് നൂറുകണക്കിന് വിദ്യാർത്ഥികളും ഓഫീസ് ജീവനക്കാരും തിങ്ങിനിറയുന്ന ശക്തൻനഗറിൽ സുരക്ഷ ഒരുക്കാൻ ഇനിയും കോർപ്പറേഷൻ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്. മൂന്ന് ജില്ലകളിൽ നിന്നുള്ള വാഹനങ്ങളും ചരക്കുവാഹനങ്ങളും സംഗമിക്കുന്നത് ശക്തൻ നഗറിലാണ്. പച്ചക്കറി - മത്സ്യമാർക്കറ്റും അടുത്തായതിനാൽ അതിരാവിലെ തിരക്കുകൂടും.

സുരക്ഷ അകലെ...

ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസിന്റെ സാന്നിദ്ധ്യവും കാര്യക്ഷമമല്ല. ലിമിറ്റഡ് സ്റ്റോപ്പ്, ലോക്കൽ ബസും കാറുമെല്ലാം കടന്നുപോകുന്ന ശക്തൻ സ്റ്റാൻഡിൽ കാൽനടയാത്രികർക്ക് റോഡ് മുറിച്ചുകടക്കണമെങ്കിൽ പെടാപ്പാട് ഏറെ. ചെളി നിറഞ്ഞ, കുണ്ടും കുഴിയുമുള്ള വഴികളിലൂടെ നടന്നുവേണം യാത്രക്കാർക്ക് സ്റ്റാൻഡിലെത്താൻ. ചെളിക്കുഴിയിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കാറുമുണ്ട്. ചെറിയ മഴ പെയ്താൽ ശക്തൻ സ്റ്റാൻഡ് ചെളിക്കുളമാകും. വലിയ കുഴികളിലൂടെ കടന്നുപോകുന്ന ബസുകൾ ദിനംപ്രതി അറ്റകുറ്റപ്പണിക്കായി ഗ്യാരേജിൽ കയറ്റേണ്ടി വരുന്നുവെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. സ്റ്റാൻഡിന് അകത്തേക്കും പുത്തേക്കും കടക്കുന്ന റോഡും തകർന്ന നിലയിലാണ്.

ഫണ്ട് വകയിരുത്തി, പക്ഷേ..

തൃശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ് വികസനത്തിനായി സംസ്ഥാന ബഡ്ജറ്റിൽ പത്ത് കോടി വകയിരുത്തിയിരുന്നു. ബസ് സ്റ്റാൻഡ് വികസിപ്പിക്കണമെന്ന് കാലങ്ങളായി ആവശ്യമുയർന്നിരുന്നു. ജില്ലയിൽ കൂടുതൽ ബസുകൾ സർവീസ് നടത്തുന്ന നഗരമദ്ധ്യത്തിലെ ശക്തൻ സ്റ്റാൻഡ് പരിസരം മഴ പെയ്താൽ മുങ്ങുന്ന നിലയിലായതോടെ പ്രതിഷേധം ശക്തമായിരുന്നു. ബസ് സ്റ്റാൻഡ് പരിസരം ചെളിക്കുളം ആക്കരുതെന്നും സ്റ്റാൻഡും പരിസരവും ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് മോട്ടോർ തൊഴിലാളികൾ കഴിഞ്ഞമാസം ബസ് സ്റ്റാൻഡ് പരിസരത്ത് ധർണ നടത്തിയിരുന്നു.


ശക്തൻ സ്റ്റാൻഡും പരിസരവും ഉടൻ കോൺക്രീറ്റ് ചെയ്യും. പൊതുമരാമത്ത് വകുപ്പിനോട് നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കുന്നംകുളം ഭാഗത്തേയ്ക്കുള്ള ബസുകൾ പോകുന്ന റോഡിലാണ് കൂടുതൽ കുഴിയുള്ളത്. സ്റ്റാൻഡിലെ കുഴികളും ഉടൻ അടയ്ക്കും.

എം.കെ.വർഗീസ്
മേയർ, തൃശൂർ കോർപ്പറേഷൻ.