തൃശൂർ: ഇനിയും ശക്തമായ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പുണ്ടെങ്കിലും ഇന്നലെ കനത്തമഴ ഒഴിഞ്ഞതോടെ ജില്ലയിൽ നേരിയ ആശ്വാസം. അതേസമയം ജാഗ്രതമുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. മണ്ണിൽ പരമാവധി വെള്ളം നിറഞ്ഞ സ്ഥലങ്ങളിൽ സാധാരണ മഴയും പ്രശ്‌നങ്ങളുണ്ടാക്കാമെന്ന് പറയുന്നു. കാലവർഷം തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശം കഴിഞ്ഞദിവസങ്ങളിൽ പുറപ്പെടുവിച്ചിരുന്നു. നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണമെന്നും ഇതിലൂടെ കൂട്ടിയിടിച്ചുള്ള അപകടം ഒഴിവാക്കുകയും ഉപകരണങ്ങൾ സുരക്ഷിതമാക്കുകയും ചെയ്യുമെന്നും പറയുന്നു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും നിർദേശത്തിൽ അറിയിച്ചു.
വീടുകളിലേക്ക് മടങ്ങുന്നവർക്ക്
ജാഗ്രതാ നിർദ്ദേശം