തൃശൂർ: വെള്ളക്കെട്ടിലും സ്ഥലപരിമിതിയിലും തിങ്ങിഞെരുങ്ങുന്ന തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ബസുകൾ റോഡിലേക്ക് ഇറങ്ങിയാലും വൻകുരുക്ക്. കുന്നംകുളം - കോഴിക്കോട്, വാടാനപ്പിള്ളി എന്നിവിടങ്ങളിലേക്കുള്ള ബസുകൾ ശക്തൻ സ്റ്റാൻഡിൽ നിന്ന് വരുന്നതും ഇരിങ്ങാലക്കുട, പുതുക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള ബസുകൾ സ്വരാജ് റൗണ്ടിലേക്ക് പോകുന്നതും ഇതുവഴിയാണ്. ബസിൽ യാത്രക്കാരെ കയറ്റാൻ ദിവാൻജിമൂല ജംഗ്ഷന് സമീപം നിറുത്തുന്നതും കുരുക്കുണ്ടാക്കുന്നു.
അതിവേഗത്തിൽ വരുന്ന സ്വകാര്യബസുകൾക്കിടയിൽ കാറും ബൈക്കും അപകടത്തിൽപെടുന്നുമുണ്ട്. രാവിലെയും വൈകിട്ടും ഓഫീസ് സമയത്ത് വിദ്യാർത്ഥികളും ജീവനക്കാരും കുരുക്കിൽപ്പെടും. ട്രാഫിക്ക് നിയന്ത്രിക്കാൻ ഇവിടെ പലപ്പോഴും പൊലീസുകാരുമില്ല. റോഡ് മുറിച്ച് കടക്കാനും ജീവൻ പണയം വെയ്ക്കണം. ടൈൽ വിരിച്ചെങ്കിലും സ്റ്റാൻഡിലേക്കുള്ള വഴിയിൽ വൻ വെള്ളക്കെട്ടാണ്.
മഴയിൽ കുളം
മഴ പെയ്താൽ സ്റ്റാൻഡിനുള്ളിലും വെള്ളമൊഴുകും. മേൽക്കൂരയുടെ പലയിടങ്ങളും ചോരും. അപകടാവസ്ഥയിലായ കെട്ടിടത്തിൽ ജോലിയെടുക്കുന്ന ജീവനക്കാരും ഭീതിയിലാണ്. കഴിഞ്ഞവർഷം സ്‌റ്റേഷൻ മാസ്റ്ററുടെ ഓഫീസിലെ സീലിംഗ് അടർന്നുവീണിരുന്നു. പുതിയ പെട്രോൾ പമ്പ് നിർമ്മിക്കാൻ പാർക്കിംഗ് സ്ഥലം വിട്ടുകൊടുത്തതോടെ സ്റ്റാൻഡ് കൂടുതൽ ഞെരുങ്ങി. സാധാരണ സർവീസിന് പുറമേ നിരവധി ദീർഘദൂര ബസും കയറിയിറങ്ങിപ്പോകുന്ന സ്റ്റാൻഡാണിത്.
മാസ്റ്റർ പ്‌ളാൻ കടലാസിൽ
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നവീകരണത്തിന് രണ്ട് കോടി അനുവദിച്ചിരുന്നു. മാസ്റ്റർപ്‌ളാൻ തയ്യാറാക്കിയെങ്കിലും ഒന്നും നടന്നില്ല. സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് സബ് വേയും റെയിൽവേ സ്റ്റേഷനിൽ നിന്നും കെ.എസ്.ആർ.ടി.സിയിലേക്ക് സ്‌കൈ വാക്കും അടക്കമുള്ള വൻ പദ്ധതികളായിരുന്നു ലക്ഷ്യം. യാത്രക്കാരുടെയും ബസുകളുടെയും എണ്ണത്തിൽ മുന്നിലാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ പതിറ്റാണ്ടായി പിന്നിലാണ് ഈ സ്റ്റാൻഡ്. വടക്കൻ ജില്ലകളിൽ നിന്നും തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നും ബസുകളെത്തുന്ന സംസ്ഥാനത്തെ തിരക്കേറിയ കെ.എസ്.ആർ.ടി സ്റ്റാൻഡുകളിൽ ഒന്നാണിത്.
സ്റ്റാൻഡിന് ശ്വാസം മുട്ടുന്നു
ബസുകൾ പാർക്ക് ചെയ്താൽ നടക്കാൻ പോലും ഇടമില്ലാത്ത വിധം ഇടുങ്ങിയ നിലയിൽ
വരുമാനത്തിൽ കുതിക്കുമ്പോഴും പ്രാഥമികമായ ഭൗതികസാഹചര്യം പോലുമില്ല
രാത്രിയിലെത്തുന്ന മൾട്ടി ആക്‌സിൽ വോൾവോ ബസുകൾക്ക് തിരിക്കാനാവില്ല
സ്റ്റാൻഡിലെ കസേരകൾ ഭൂരിഭാഗവും പൊട്ടിപ്പൊളിഞ്ഞ നിലയിൽ
രാത്രിയിൽ സാമൂഹിക വിരുദ്ധരുടെ ശല്യവും, തെരുവുനായ്ക്കളും എലികളും