വടക്കാഞ്ചേരി : പ്രദേശത്ത് അപകടസാദ്ധ്യത കൂടുതലാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമേ വീണ്ടും ജനങ്ങളെ പാർപ്പിക്കുന്ന കാര്യം തീരുമാനിക്കാനാകൂവെന്നും കളക്ടർ അർജുൻ പാണ്ഡ്യൻ വ്യക്തമാക്കി. മാരാത്തുകുന്നിൽ വിദഗ്ദ്ധസംഘം ഉരുൾപൊട്ടൽ ജാഗ്രത പ്രഖ്യാപിച്ച സ്ഥലങ്ങളിൽ സന്ദർശനം നടത്തുകയായിരുന്നു കളക്ടർ. മണ്ണിനടിയിലൂടെ ഉറവയുള്ളതിനാലും ബലക്കുറവുള്ളതിനാലും പ്രദേശത്ത് അപകടത്തിനിടയുണ്ട്. വിദഗ്ദ്ധപഠനം അനിവാര്യമാണ്. സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അടുത്തദിവസം അകമലയിലെത്തി പഠനം നടത്തും.
ഒരു അറിയിപ്പ് ഉണ്ടാകുംവരെ ഈ മേഖലയിലെ കുടുംബങ്ങൾ മാറിത്താമസിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കളക്ടറുടെ നിർദ്ദേശ പ്രകാരം വ്യാഴാഴ്ച അകമലയിൽ പഠനം നടത്തിയ ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ ജില്ലാ ഓഫീസർ ഡോ:എ.കെ.മനോജ്, ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ ബിന്ദു മേനോൻ, ഡോ:കെ.എൻ.സന്തോഷ് എന്നിവരും കളക്ടറോടൊപ്പമുണ്ടായിരുന്നു. തഹസിൽദാർ എം.സി.അനുപമൻ, നഗരസഭ വൈസ് ചെയർപേഴ്‌സൺ ഒ.ആർ.ഷീലാ മോഹൻ, സെക്രട്ടറി കെ.കെ.മനോജ്, കൗൺസിലർ ബുഷറ റഷീദ് എന്നിവരും സ്ഥലത്തെത്തി.
ക്യാമ്പിലും കളക്ടറെത്തി
വീടുകളിൽ വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടി വന്നവരെയും അകമല നിവാസികളെയും ആശ്വസിപ്പിച്ച് കളക്ടർ. വടക്കാഞ്ചേരി ഗവ: ബോയ്‌സ് സ്‌കൂളിലെ ക്യാമ്പിലാണ് കളക്ടറെത്തിയത്. സൗകര്യങ്ങൾ വിലയിരുത്തി. പോരായ്മകൾ ഇല്ലാതെ ക്യാമ്പ് നടത്തണമെന്ന് നിർദ്ദേശം നൽകി. സങ്കടം പറഞ്ഞവർക്ക് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പു നൽകി.
ഡിസാസ്റ്റർ മാനേജ്മെന്റ് സംഘമെത്തും
വിദഗ്ദ്ധപഠനം അനിവാര്യമാണ്. സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയെ വിവരമറിയിച്ചിട്ടുണ്ട്. 500 മീറ്റർ ദൂരത്തിൽ 81 കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് നൽകാൻ നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
അർജുൻ പാണ്ഡ്യൻ
കളക്ടർ
കുറാഞ്ചേരി മലയിൽ മണ്ണ് നിരങ്ങി നീങ്ങിയ നിലയിൽ
വടക്കാഞ്ചേരി: ഷൊർണൂർ- കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ 2018ൽ 19 ജീവനുകൾ നഷ്ടപ്പെട്ട കുറാഞ്ചേരി മലയിൽ മണ്ണ് ഇടിഞ്ഞ് നീങ്ങിയതായി കണ്ടെത്തി. ഒന്നര സെന്റ് സ്ഥലത്ത് മണ്ണിടിച്ചിൽ നടന്നതായി മലയിൽ പരിശോധന നടത്തിയ വാഴാനി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ പി.വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥിരീകരിച്ചു. ഉന്നത ഫോറസ്റ്റ് അധികൃതർക്ക് റിപ്പോർട്ട് നൽകും. ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയിലെ വിദഗ്ദ്ധസംഘം വനത്തിലെത്തി തുടർ പരിശോധന നടത്തി സ്ഥിതിഗതി വിലയിരുത്തും. 2018ൽ വൻ മണ്ണിടിച്ചിലിന് ഇടയായ സ്ഥലത്തിന് തൊട്ടടുത്താണ് ഇപ്പോൾ മണ്ണ് ഇടിഞ്ഞത്. ഇതോടെ വലിയ ആശങ്കയിലാണ് നാട്. കുറാഞ്ചേരി ദുരന്തത്തിന് ശേഷം ഈ പ്രദേശം വാസയോഗ്യമല്ലെന്ന് രാജ്യത്തെ വിവിധ ഏജൻസികൾ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. 2018ൽ തകർന്ന ഏതാനും വ്യാപാര സ്ഥാപനങ്ങൾ കുറാഞ്ചേരിയിൽ പുന:സ്ഥാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ വിവരമറിഞ്ഞ് വടക്കാഞ്ചേരി നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ആർ.അനൂപ് കിഷോർ, കൗൺസിലർ എസ്.ബി.ഐശ്വര്യ, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുനിൽകുമാർ, മെമ്പർ സി.സുരേഷ്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി.സുനിൽകുമാർ എന്നിവർ സ്ഥലെത്തെത്തി.
കുറാഞ്ചേരി മലയ്ക്ക് മുകളിൽ നടന്ന മണ്ണിടിച്ചിൽ
ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കുറാഞ്ചേരിയിലെത്തിയപ്പോൾ.
പടങ്ങൾ ഉരുൾപൊട്ടൽ ജാഗ്രത നിലനിൽക്കുന്ന അകമല പ്രദേശത്ത് കലക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശനം നടത്തുന്നു