വടക്കാഞ്ചേരി: പനങ്ങാട്ടുകര-പത്താംകല്ല് റോഡിലെ മംഗലം അമ്മാട്ടി പരിസരത്തെ വെള്ളക്കെട്ടിന് പരിഹാരമായി നിർമ്മിച്ച കാനയിൽ വെള്ളം കെട്ടിനിന്ന് ദുരിതമാകുന്നു. 20 ലക്ഷം രൂപ മുടക്കി വടക്കാഞ്ചേരി നഗരസഭ ഒരു കിലോമീറ്റർ ദൂരം നിർമ്മിച്ച കോൺക്രീറ്റ് കാനയുടെ അമ്മാട്ടി പരിസരത്തെ നിർമ്മാണമാണ് ജനങ്ങൾക്ക് ദുരിതമാകുന്നത്. ചീഫ് മിനിസ്റ്റേഴ്‌സ് ലോക്കൽ റോഡ് റീബിൽഡ് പ്രൊജക്റ്റ് (സി. എം.എൽ.ആർ.ആർ.പി ) 2020-21 പ്രകാരമാണ് റോഡ് നിർമ്മിച്ചത്. അശാസ്ത്രീയ നിർമ്മാണം മൂലം കോൺക്രീറ്റ് കാനയിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. വെള്ളം ഒഴുകിപോകാതെ കാനയിൽ കെട്ടികിടക്കുകയും ചെറിയ മഴയിൽ കാന കവിഞ്ഞൊഴുകി വീടുകളിലേക്ക് വെള്ളം കയറുകയുമാണ്. കൊതുകും കൂത്താടികളും ഈ വെള്ളത്തിൽ മുട്ടയിട്ട് പെരുകുകയാണ്. ജനകീയ പ്രതിഷേധം ശക്തമായതോടെ നിരവധി തവണ കോൺക്രീറ്റ് തകർത്ത് വെള്ളമൊഴുക്കിവിടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അകമല സ്വദേശിയാണ് കരാറുകാരൻ.
പൊളിച്ചത് മൂന്ന് തവണ
നിർമ്മാണം കഴിഞ്ഞ് കാന പൊളിച്ചത് മൂന്ന് തവണ. സ്ലാബിട്ടശേഷം വീടുകളിലേക്ക് വെള്ളം കയറുകയും ജനങ്ങൾക്ക് വീടുകളിൽ കയറാനുള്ള വഴി തടസപ്പെടുകയും ചെയ്തതോടെയാണ് കോൺക്രീറ്റ് പൊളിച്ചത്. കാനയുടെ ആഴം കൂട്ടിയും മാറ്റങ്ങൾ വരുത്തിയും നിർമ്മിച്ചെങ്കിലും ഇപ്പോഴും കാനയിൽ വെള്ളം കെട്ടി നിൽക്കുകയാണ്. വെള്ളം ഒഴുകി പോകാൻ സൗകര്യം ഒരുക്കാതെയുള്ള കാന നിർമ്മാണത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.