വടക്കാഞ്ചേരി: ഷൊർണൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവിന്റെ പ്രഖ്യാപനം പാഴ് വാക്കി തുടരുന്നു. ഈ പാതയിലെ പാർളിക്കാട് വ്യാസ കോളേജ് സ്റ്റോപ്പ് മുതൽ കെൽട്രോൺ നഗർ വരെയുള്ള പ്രദേശങ്ങളിലാണ് നവീകരണം പ്രഖ്യാപിട്ടിരുന്നത്. റോഡ് സമ്പൂർണമായി നവീകരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ തകർന്ന റോഡിൽ അറ്റകുറ്റപണി നടത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ അടച്ച കുഴികളിൽ ഭൂരിഭാഗവും തകർന്നു. കുറാഞ്ചേരിയിൽ റോഡിന് നടുവിൽ വിള്ളൽ വീണു. അടച്ച കുഴികളെല്ലാം തുറന്നു. തൃശൂർകുറ്റിപ്പുറം സംസ്ഥാന പാതയിലെ ദുരിത യാത്രയൊഴിവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ മാസം ആശ്രയിച്ചത് ഈ റോഡാണ്.


അറ്റകുറ്റപ്പണി മാത്രം

തൃശൂർ ഭാഗത്തേയ്ക്കുള്ള റോഡ് പൂർണമായി തകർന്ന നിലയിലാണ്. ഭീമൻ ഗർത്തങ്ങളിൽ വാഹനങ്ങൾ അപകടത്തിൽ പെടുമ്പോൾ അറ്റകുറ്റപ്പണി നടത്തി പ്രതിഷേധത്തിന് പരിഹാരം കാണുകയാണ് അധികൃതർ ചെയ്യുന്നത്. ഏകദേശം എട്ട് തവണ ടാർ മിക്‌സിംഗ് ഉപയോഗിച്ച് കുഴി അടച്ചിരുന്നു. കഴിഞ്ഞ തവണ സിമന്റ് മിശ്രിതമാണ് ഉപയോഗിച്ചത്. നിരവധി ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. അടിയന്തരമായി ടാറിംഗ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് ജനകീയ ആവശ്യം.