കയ്പമംഗലം: കനോലി കനാൽ കരകവിഞ്ഞ് എടത്തിരുത്തി, കയ്പമംഗലം പഞ്ചായത്തുകളിലെ കിഴക്കൻ മേഖലകൾ വെള്ളത്തിൽ മുങ്ങി. അമ്പതോളം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്. ഡാമുകളിൽ നിന്നും വെള്ളം തുറന്ന് വിട്ടതോടെയാണ് കനോലികനാൽ കര കവിഞ്ഞത്. താഴ്ന്ന പ്രദേശമായ എടത്തിരുത്തി പഞ്ചായത്തിലെ കോഴിത്തുമ്പ് പ്രദേശമാണ് ആദ്യം വെള്ളക്കെട്ടിലായത്. കയ്പമംഗലം പഞ്ചായത്തിലെ പാലിയംചിറ, എൽ.ബി.എസ് കോളനി, കാക്കാത്തിരുത്തി, അമ്പലനട കിഴക്ക്, കൂനിപ്പറമ്പ് എന്നിവിടങ്ങളിലും വെള്ളം കയറി. നൂറിലധികം വീടുകളാണ് വെള്ളക്കെട്ടിലുള്ളത്. പല വീട്ടുകാരും വീട്ടുസാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് കയറ്റിവച്ച് ബന്ധു വീടുകളിലേക്ക് മാറിയിരിക്കുകയാണ്.
കാക്കാത്തിരുത്തി ഇസത്ത് ഇസ്്‌ലാം മദ്രസയിലാണ് കയ്പമംഗലം പഞ്ചായത്തിന്റെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത്. ഇവിടെ 25 കുടുംബങ്ങളിൽ നിന്നായി 68 പേരാണുള്ളത്. എടത്തിരുത്തി പഞ്ചായത്തിന്റെ ദുരിതാശ്വാസ ക്യാമ്പ്, ചാമക്കാല മാപ്പിള ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ 23 കുടുംബങ്ങളിൽ നിന്നായി 67 പേരാണുള്ളത്. ഇവർക്ക് വേണ്ട ഭക്ഷണം ഇരുപഞ്ചായത്തുകളുടെ നേതൃത്വത്തിൽ നൽകി വരുന്നു. ക്യാമ്പിലെ താമസക്കാർക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വൈദ്യപരിശോധനയും നടത്തി.