തൃശൂർ : സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിൽ 13ന് ടൗൺ ഹാളിൽ ജില്ലാതല തദ്ദേശ അദാലത്ത് നടത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ യഥാവിധി അപേക്ഷ നൽകിയതും എന്നാൽ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികൾ, മന്ത്രിക്ക് ലഭിച്ച നിവേദനം, സ്ഥിരം അദാലത്ത് സമിതി, തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഓഫിസുകൾ എന്നിവയിൽ തീർപ്പാക്കാതെയുള്ള പൊതുജനങ്ങളുടെ പരാതികളും, നിവേദനങ്ങളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികൾ/ നിർദ്ദേശം എന്നീ വിഷയങ്ങൾ പരിഗണിക്കും. ലൈഫ് മിഷനിൽ പുതിയ അപേക്ഷകൾ, അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ അപേക്ഷകൾ, ജീവനക്കാരുടെ സർവീസ് വിഷയങ്ങൾ എന്നിവ പരിഗണിക്കില്ല. https://adalat.lsgkerala.gov.in പോർട്ടലിലെ സിറ്റിസൺ ലോഗിൻ മുഖേന അദാലത്ത് തീയതിക്ക് അഞ്ച് ദിവസം മുമ്പ് വരെ പരാതി സമർപ്പിക്കാം. കൂടാതെ അദാലത്ത് സ്ഥലത്തും പരാതികൾ നൽകാം. രാവിലെ 8.30ന് രജിസ്‌ട്രേഷൻ ആരംഭിക്കും.