മാള: കഴിഞ്ഞ മാസത്തെ മിന്നൽച്ചുഴലിയിൽ കുലച്ച വാഴകൾ നശിച്ചത് കുഴൂർ കൃഷി ഓഫീസിൽ അറിയിച്ചിട്ടും അന്വേഷിക്കാൻ ആരും എത്തിയില്ലെന്ന് പരാതി. കുഴൂർ പഞ്ചായത്തിലെ വയലാറിലെ വൃദ്ധനായ കർഷകൻ പൊക്കാഞ്ചേരി അപ്പുവിനാണ് ഈ ദുരനുഭവം. വയലാറിലെ 25 സെന്റ് ഭൂമിയിലാണ് അപ്പു വാഴക്കൃഷി നടത്തിയിരുന്നത്. കുലച്ച 75 ഓളം നേന്ത്ര വാഴകളാണ് കാറ്റിൽ വീണത്. സംഭവം ഉണ്ടായ ദിവസം തന്നെ കൃഷി ഓഫീസിൽ ബന്ധപ്പെടുകയും നിർദ്ദേശാനുസരണം ഓൺലൈനിൽ ഫോട്ടോ സഹിതം പരാതി നൽകുകയും ചെയ്തു. നേരിൽ ചെന്ന് അന്വേഷിച്ചപ്പോഴും പലപ്രാവശ്യം ഫോണിൽ ബന്ധപ്പെട്ടപ്പോഴും ഉടനെ വരാം എന്നുള്ള മറുപടിയല്ലാതെ ആരും അന്വേഷിച്ച് എത്തിയില്ലെന്നാണ് കർഷകൻ പറയുന്നത്. നൂറോളം വാഴകൾക്ക് അപ്പു ഇൻഷ്വറൻസ് എടുത്തിരുന്നു. കൃഷി ഓഫീസർ വന്ന് പരിശോധിക്കാതെ കുലകൾ വെട്ടി മാറ്റിയാൽ ഇൻഷ്വറൻസ് സംഖ്യ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കർഷകൻ. വീണ് കിടക്കുന്ന വാഴക്കുലകൾ എലിയും അണ്ണാനും കോഴികളും മറ്റും തിന്ന് നശിച്ചു കൊണ്ടിരിക്കുകയാണ്.