കൊടുങ്ങല്ലൂർ : ജല മലിനീകരണത്തിന് ശാശ്വത പരിഹാരവുമായി ശുചിത്വ മിഷൻ സ്വച്ഛ് ഭാരത് (അർബൻ) 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നേക്കാൽ കോടിയുടെ മലിന ജല സംസ്‌കരണ പദ്ധതിയുമായി നഗരസഭ. ഇത് സംബന്ധിച്ച ചർച്ചകൾക്കും സ്ഥല പരിശോധനയ്ക്കുമായി ജില്ലാ ശുചിത്വ മിഷനിൽ നിന്നും ഒരു സംഘം നഗരസഭയിലെത്തി പദ്ധതിയുടെ പ്രാരംഭനടപടി തുടക്കം കുറിച്ചു. നഗരസഭാ പരിധിയിൽ പെരിയാറിലേക്കും കൈവഴിയായ കനോലിക്കനാലിലേക്കും മലിനമായ ജലമെത്തിച്ചേരുന്ന കാവിൽക്കടവ് കനാൽ, ഉൾപ്പെടെയുള്ള നാല് ചെറുതോടിൽ ഡ്രെയിനേജ് ട്രീറ്റ്‌മെന്റ് സിസ്റ്റം എന്ന മലിന ജലസംസ്‌കരണ സംവിധാനമേർപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ശുദ്ധീകരിച്ച ജലം നദിയിലേക്ക് തിരികെ ഒഴുക്കുകയും ചെയ്യും.

എൽ.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എൻജിനിയറുടെ സാങ്കേതിക മേൽനോട്ടത്തിൽ പദ്ധതിയുടെ പ്രവർത്തനം നടക്കും. നഗരത്തിലെ മലിനജല പ്രശ്‌നങ്ങൾ പരിഹരിക്കുന്നതോടൊപ്പം നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ പ്രത്യേക ശ്രദ്ധ കൊടുത്തിട്ടുള്ള പെരിയാറിലെ മലിനജല സംസ്‌കരണ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനും പദ്ധതിയിലൂടെ കഴിയും. നഗരസഭാ ചെയർപേഴ്‌സൺ ടി.കെ.ഗീതയുടെ നേതൃത്വത്തിൽ നടന്ന സ്ഥലപരിശോധനയിൽ വൈസ് ചെയർമാൻ വി.എസ്.ദിനൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ കെ.എസ്.കൈസാബ്, എൽസി പോൾ, കെ.ആർ.ജൈത്രൻ, ടി.എസ്.സജീവൻ, പദ്ധതി നടപ്പിൽ വരുന്ന വാർഡിലെ കൗൺസിലർമാരായ വി.എം.ജോണി, രഞ്ജിത, രേഖ സൽപ്രകാശ്, നഗരസഭാ സെക്രട്ടറി എൻ.കെ.വൃജ, എൽ.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എൻജിനിയർ പി.ജെ.സ്മിത, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ തുടങ്ങിയവർ പങ്കെടുത്തു.