അന്തിക്കാട്: കാഞ്ഞാണി പെരുമ്പുഴ പാടത്തെ വെള്ളം മണലൂർ പാടശേഖരത്തിലൂടെ ഒഴുക്കി വിടുന്നതുമായുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. മണലൂർ നിവാസികളും അരിമ്പൂർ, അന്തിക്കാട് മേഖലയിൽ നിന്നെത്തിയവരുമാണ് തമ്മിലടിച്ചത്. ആർക്കും പരിക്കില്ല. ഡെപ്യൂട്ടി കളക്ടർ ആർ.എൽ. വിഭൂഷണൻ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. പിന്നീട് നടന്ന ചർച്ചയിൽ എല്ലാ സ്ലൂയിസുകളും തുറന്നുവിട്ട് മണലൂർ പാടം വഴി തന്നെ വെള്ളം ഒഴുക്കാൻ തീരുമാനമായി.
മണലൂർത്താഴം പടവിൽ മറ്റു പടവിലുള്ളതിനേക്കാൾ താരതമ്യേന വെള്ളം കുറവാണ്. പ്രധാന കനാലിലെ ഒരു സ്ലൂയിസ് മാത്രമാണ് തുറന്ന് കിടന്നിരുന്നത്. മറ്റു രണ്ടു സ്ലൂയിസുകൾ കൂടി തുറന്ന് അരിമ്പൂർ മേഖലയിൽ നിന്നുള്ള വെള്ളം മണലൂർ പടവ് വഴി ഏനാമാവ് റെഗുലേറ്റിൽ എത്തിച്ച് കടലിലേക്ക് ഒഴുക്കി വിടണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരടക്കം പാടത്ത് എത്തിയത്. പെരുമ്പുഴ രണ്ടാം പാലത്തിലെ പാലക്കഴയും കൂടുതൽ തുറന്ന് വെള്ളം ഒഴുക്കി വിടണമെന്ന് ആവശ്യപ്പെട്ട് അന്തിക്കാട്, ചാഴൂർ പഞ്ചായത്തിൽ നിന്നുള്ളവരുമെത്തി. ഏനാമാവിലെ കുളവാഴകൾ നീക്കണമെന്നും മണലൂരിൽ സ്ലൂയിസ് തുറന്നാൽ വെള്ളം ഒഴുകിയെത്തി കുടുംബങ്ങളെ ബാധിക്കുമെന്നും മണലൂരിൽ നിന്നെത്തിയവർ പറഞ്ഞു. മഴക്കാലമായാൽ എല്ലാ പാടശേഖരങ്ങളിലും സ്ലൂയിസുകൾ തുറന്നിടണമെന്ന കളക്ടറുടെ ഉത്തരവ് പാലിക്കാൻ ചില സ്വാർത്ഥ താത്പര്യക്കാർ അനുവദിക്കുന്നില്ലെന്ന് മറുപക്ഷവും വാദിച്ചു.
തുടർന്ന് മണലൂർ പഞ്ചായത്ത് ഹാളിൽ ഡെപ്യൂട്ടി കളക്ടർ ആർ.എൽ. വിഭൂഷണൻ, മണലൂർ, അരിമ്പൂർ, ചാഴൂർ, അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റുമാരും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, അന്തിക്കാട് എസ്.ഐ, മറ്റു ജനപ്രതിനിധികൾ എന്നിവരടക്കം അടിയന്തര യോഗം ചേർന്നു. അടച്ചു വച്ച സ്ലൂയിസുകൾ അടിയന്തരമായി തുറക്കാനും ഏനാമാവിൽ ഹൈലെവൽ കനാൽ എത്തിച്ചേരുന്ന ഭാഗത്തുള്ള കുളവാഴകൾ നീക്കം ചെയ്യാനും തീരുമാനമായി. തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് പ്രധാന ചാലിലെ സ്ലൂയിസുകൾ തുറന്നു വെള്ളം ഒഴുക്കിവിട്ടു.