1

വടക്കാഞ്ചേരി: ആറുവർഷം മുൻപ് മണ്ണിടിഞ്ഞ് 19 പേരുടെ ജീവനെടുത്ത കുറാഞ്ചേരി വനമേഖലയിൽ മണ്ണിടിഞ്ഞതായി കണ്ടെത്തിയ പ്രദേശത്ത് ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ ജില്ലാ ഓഫീസർ എസ്. സൂരജിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.

ഷൊർണൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ നിന്ന് 250 മീറ്റർ അകലെയുള്ള മലയ്ക്ക് മുകളിൽ ഉറവ രൂപപ്പെട്ടാണ് വെള്ളം കുത്തിയൊലിച്ച് മണ്ണും, പാറയും ഇടിഞ്ഞത്. ഇടിഞ്ഞ മണ്ണും പാറയും താഴേക്ക് പതിക്കാതെ മലയിൽ കുടുങ്ങിയിട്ടുണ്ട്. ഒഴുക്കുവെള്ളത്തിന് ചെളിനിറം ഇല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.

സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, ജനപ്രതിനിധികളായ എം.ആർ. അനൂപ് കിഷോർ, എ.എം. ജമീലാബി, സി.വി. മുഹമ്മദ് ബഷീർ, സ്വപ്ന ശശി, എസ്.ബി. ഐശ്വര്യ, കെ.എ. ഫിറോസ്, സി.വി. സുനിൽകുമാർ, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽ കുമാർ, വാഴാനി ഡെപ്യൂട്ടി റെയ്ഞ്ച്‌ ഫോറസ്റ്റ് ഓഫീസർ പി. വിനോദ്, ഫോറസ്റ്റർ നോബിൻ ജോസ്, എന്നിവർ പരിശോധനക്ക്‌ നേതൃത്വം നൽകി.

കുറാഞ്ചേരി ദുരന്തം

2018 ഓഗസ്റ്റ് 16നാണ് കുറാഞ്ചേരി മല ഒന്നാകെയിടിഞ്ഞ് ഉറങ്ങിക്കിടക്കുകയായിരുന്ന 19 പേർ മരിച്ചത്. നാല് വീടുകളും, വ്യാപാര സ്ഥാപനങ്ങളും തകർന്നിരുന്നു.

അതീവ ജാഗ്രത വേണമെന്ന് എം.എൽ.എ

കുറാഞ്ചേരിമല പരിശോധിച്ചതിൽ നിന്ന് ആശങ്ക വേണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. മേഖലയിൽ അതീവ ജാഗ്രത തുടരും. വനപാലകരുടെ നിരീക്ഷണവും തുടർ പരിശോധനകളും ഉണ്ടാകും. മഴ ശക്തമായി തുടർന്നാൽ ഉണ്ടാകുന്ന പ്രത്യേക അവസ്ഥ മറികടക്കാൻ കൂടിയാലോചനകൾ അനിവാര്യമാണ്. റീബിൽഡ്‌ കേരള പദ്ധതിയുടെ ഭാഗമായി ഒട്ടേറെ സുരക്ഷാ ക്രമീകരണങ്ങൾ കുറാഞ്ചേരിയിൽ പൂർത്തിയാക്കിയിട്ടുണ്ടെന്നും എം.എൽ. എ അറിയിച്ചു.