വടക്കാഞ്ചേരി: കനത്ത മഴയിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി ദുരിതം അനുഭവിക്കുന്ന വടക്കാഞ്ചേരിയിലെ വ്യാപാരി സമൂഹത്തിനെ വീണ്ടും ദുരിതത്തിലാക്കി വൈദ്യുതി വകുപ്പ്. വൈദ്യുതി ബിൽ അടക്കാത്ത സ്ഥാപനങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചും അടയ്ക്കാനുള്ള വരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയുമാണ് ഉദ്യോഗസ്ഥരെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിക്കുന്നു. വെള്ളം ഇരച്ചെത്തിയ വ്യാപാരസ്ഥാപനങ്ങളിൽ കോടികണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത്.
ഓട്ടുപാറ പട്ടണത്തിലെ പല കടകളും ഇനിയും തുറന്നിട്ടില്ല. കടകളിലെ എല്ലാ സാധനങ്ങളും നശിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇവ വീണ്ടും പുനഃസ്ഥാപിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ഇരുട്ടടിയായി വൈദ്യുതി വകുപ്പ് രംഗത്തെത്തിയതെന്ന് വ്യാപാരികൾ പറയുന്നു.
പല ദിവസങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി ബന്ധം തടസപ്പെട്ടിട്ടും ചെറിയൊരു പ്രതിഷേധം പോലും ഉയർത്താത്ത വ്യാപാരി സമൂഹത്തെ പ്രതിസന്ധി ഘട്ടത്തിൽ ദ്രോഹിക്കുന്ന നിലപാട് വൈദ്യുതിവകുപ്പ് തിരുത്തണം.
- വ്യാപാരി വ്യവസായി ഏകോപന സമിതി
മഴയിലും കാറ്റിലും വലിയ നാശനഷ്ടമുണ്ടായ ഇപ്പോഴത്തെ സാഹചര്യത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ല. വടക്കാഞ്ചേരിയിലെ സംഭവ വികാസങ്ങൾ പ്രത്യേകമായി കണ്ട് ഉന്നത അധികൃതരാണ് ഇളവുകളും നടപടികളും സ്വീകരിക്കേണ്ടത്.- വൈദ്യുതി വകുപ്പ്