വടക്കാഞ്ചേരി: തിരുവില്വാമല ഐവർമഠത്തിലെ ബലി തർപ്പണ ചടങ്ങിനിടെ ഭാരതപുഴയിലെ കുത്തൊഴുക്കിൽപ്പെട്ട 65 കാരന് രക്ഷകനായി വടക്കാഞ്ചേരി ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഓഫീസർ സവാദ് (34). കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നിരവധിപേർ ബലിതർപ്പണം നടത്താനെത്തുന്ന ഐവർമഠത്തിൽ സുരക്ഷയൊരുക്കാൻ എത്തിയതായിരുന്നു വടക്കാഞ്ചേരി സ്റ്റേഷൻ ഓഫീസർ നിധീഷിന്റെ നേതൃത്വത്തിൽ സവാദും സംഘവും. തർപ്പണ ചടങ്ങ് പുരോഗമിക്കുന്നതിനിടെ ജനങ്ങളുടെ കരച്ചിൽ കേട്ടാണ് ഉദ്യോഗസ്ഥർ ഓടിയെത്തിയത്. തുടർന്ന് സവാദ് പുഴയിലേക്ക് എടുത്ത് ചാടി. ഒഴുക്കിൽപ്പെട്ടയാളെ മറ്റ് ഓഫീസർമാരുടെ സഹായത്തോടെ കരയ്‌ക്കെത്തിച്ചു. അപ്പോഴാണ് മറ്റൊരാൾ കൂടി ഒഴുക്കിൽ പെട്ടെന്ന സംശയം ഉയർന്നത്. ഇതോടെ വീണ്ടും പുഴയിൽ തിരച്ചിൽ നടത്തി. എന്നാൽ ഒന്നും കണ്ടെത്താൻ കഴിയാതെ തിരിച്ച് കയറി.അപ്പോഴേക്കും രക്ഷപ്പെടുത്തിയ 65 കാരൻ ആൾ കൂട്ടത്തിൽ മറഞ്ഞതായി ഓഫീസർമാർ അറിയിച്ചു. വൃദ്ധന്റെ വിശദാംശങ്ങൾ ശേഖരിക്കാനായില്ലെങ്കിലും വിലപ്പെട്ട ഒരു ജീവൻ രക്ഷിക്കാനായതിന്റെ ആഹ്ലാദത്തിലാണ് വടക്കാഞ്ചേരി ഫയർ സ്റ്റേഷനിലെ ഓഫീസർമാർ.